ആഫ്രിക്കൻ വംശജർക്കു നേരേയുള്ള തുടർആക്രമണങ്ങൾ: നടപടി വേണമെന്നു രാജ്നാഥ് സിംഗിനോടു സുഷമ
ആഫ്രിക്കൻ വംശജർക്കു നേരേയുള്ള തുടർആക്രമണങ്ങൾ:  നടപടി വേണമെന്നു രാജ്നാഥ് സിംഗിനോടു സുഷമ
Sunday, May 29, 2016 11:48 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആഫ്രിക്കൻ വംശജർക്കുനേരേ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളിൽ ശക്‌തമായി നടപടിയെടുക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കണ്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ആഫ്രിക്കൻ വംശജരായ വനിതകൾ അടക്കമുള്ള ആറു പേരെ കഴിഞ്ഞ ദിവസം തെക്കൻ ഡൽഹിയിൽ ആക്രമിച്ചതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ഡൽഹി ലഫ്. ജനറൽ നജീബ് ജംഗിനെയും കണ്ട് ശക്‌തമായ നടപടി ആവശ്യപ്പെട്ടത്.

ഇതേത്തുടർന്ന് ആഭ്യന്തര മന്ത്രിയുടെ കർശന നിർദേശമുണ്ടായതിനു പിന്നാലെ ആറു പേരെ തെക്കൻ ഡൽഹിയിലെ മെഹ്റോളിയിൽ ആക്രമിച്ച സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നൈജീരിയ, കാമറൂൺ, ഉഗാണ്ട സ്വദേശികളാണ് ആസൂത്രിതമായ രീതിയിൽ ശനിയാഴ്ചയുണ്ടായ ആക്രമണത്തിനിരയായത്. ഇരുപത്തൊമ്പതുകാരനായ യുവാവിനു നേരെയുണ്ടായ ആദ്യ ആക്രമണത്തിനുശേഷം സ്‌ഥലത്തുണ്ടായിരുന്ന ആഫ്രിക്കൻ വംശജർക്കു നേരെ 15–20 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നെന്നു ഡിസിപി (സൗത്ത്) ഈശ്വർ സിംഗ് പറഞ്ഞു. ക്രിക്കറ്റ് ബാറ്റുകളും വടികളും ഉപയോഗിച്ചാണ് സംഘം ആക്രമണം നടത്തിയത്.

ബാബു, ഓംപ്രകാശ്, അജയ്, രാഹുൽ എന്നി നാലു പേരെയാണ് പിടികൂടിയിട്ടുള്ളതെന്നും അഞ്ചാമത്തെയാൾക്കു പ്രായപൂർത്തിയാകാത്തതിനാൽ പേരു വെളിപ്പെടുത്താനാവില്ലെന്നും ഈശ്വർ സിംഗ് പറഞ്ഞു. ആഫ്രിക്കൻ വംശജർ താമസിക്കുന്ന സ്‌ഥലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്‌തമാക്കാൻ രാജ്നാഥ് സിംഗ് നിർദേശിച്ചിട്ടുണ്ടെന്നും പോലീസ് വിശദമാക്കി.


കോംഗോ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്‌ഥർ കടുത്ത പ്രതിഷേധത്തിലേക്കു നീങ്ങിയതിനിടെയാണ് ആഫ്രിക്കൻ വംശജർക്കു നേരെ വീണ്ടും ആക്രമണമുണ്ടായത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കടുത്ത നടപടി ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായും ലഫ്. ഗവർണർ നജീബ് ജംഗുമായും ചർച്ച നടത്തിയത്.

ആഫ്രിക്കൻ വംശജർക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. തങ്ങളുടെ നാട്ടുകാർക്കു നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ അടിച്ചമർത്തിയില്ലെങ്കിൽ ആഫ്രിക്കൻ വിദ്യാർഥികൾ ഭാവിയിൽ ഇന്ത്യയിലേക്കെത്തുന്നതു തടയുമെന്നു നയതന്ത്ര സംഘം മുന്നറിയിപ്പു നൽകി.

ആഫ്രിക്കൻ വിഷയത്തിൽ ഇടപെടുന്നതിനായി നിയോഗിച്ച വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ. സിംഗ്, ശനിയാഴ്ചയുണ്ടായ സംഭവം ചെറിയ അടിപിടി മാത്രമാണെന്നും മാധ്യമങ്ങൾ അതു പെരുപ്പിച്ചു വലുതാക്കിയതാണെന്നും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.