അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട്: ഇറ്റാലിയൻ കമ്പനിയെ കരിമ്പട്ടികയിലാക്കും
Sunday, May 29, 2016 11:56 AM IST
ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട ഇറ്റാലിയൻ കമ്പനിയായ ഫിൻമെക്കനിക്കയുമായി യാതൊരു കരാറിലും ഏർപ്പെടുകയില്ലെന്ന് ഇന്ത്യ. കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിച്ചതായും ഇതിനായുള്ള കുറിപ്പ് നിയമമന്ത്രാലയത്തിന് അയച്ചതായും പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പറഞ്ഞു. ഫിൻമെക്കനിക്ക വിവിഐപി ഹെലികോപ്റ്റർ ഇടപാടിൽ കൈക്കൂലി നൽകിയിട്ടുണ്ടോ എന്ന് ഇന്ത്യ അന്വേഷിച്ചുവരികയാണ്.

എന്നാൽ, വാർഷിക മെയിന്റനൻസും ആവശ്യമായ സ്പെയർ പാർട്സ് ലഭ്യമാക്കുന്നതും കമ്പനി തുടരുമെന്നും പുതിയ കരാറാണ് വേണ്ടെന്നു വയ്ക്കുന്നതെന്നും പ്രതിരോധമന്ത്രി വിശദമാക്കി. ഒരു കമ്പനി എന്തെങ്കിലും തെറ്റുവരുത്തിയെന്നതിന്റെപേരിൽ രാജ്യസുരക്ഷ ദുർബലമാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


യുപിഎ സർക്കാരിന്റെ ഭരണകാലത്ത് മുങ്ങിക്കപ്പലിൽ ഘടിപ്പിക്കുന്നതിനുള്ള അത്യാധുനിക ഹെവിവെയ്റ്റ് ടോർപിഡോ ലഭ്യമാക്കുന്നതിനുള്ള കരാർ ഫിൻമെക്കനിക്കയുടെ ഉപവിഭാഗമായ വാസ് നേടിയെങ്കിലും അത് ഇന്ത്യ പിൻവലിക്കുകയാണെന്ന് പരീക്കർ പറഞ്ഞു. പ്രതിരോധ ആവശ്യത്തിനുള്ള യുദ്ധസാമഗ്രകൾ വാങ്ങുന്നതിന് മറ്റു സാധ്യതകളെക്കുറിച്ച് വകുപ്പ് ഗൗരവത്തോടെ ചിന്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.