ബംഗാളിലെ സഖ്യം: യെച്ചൂരിക്കു പിബി യോഗത്തിൽ വിമർശനം
ബംഗാളിലെ സഖ്യം: യെച്ചൂരിക്കു  പിബി യോഗത്തിൽ വിമർശനം
Sunday, May 29, 2016 11:56 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ സംസ്‌ഥാന ഘടകത്തിനു പിന്തുണ നൽകിയതിന്റെ പേരിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പോളിറ്റ് ബ്യൂറോ യോഗത്തിൽ വിമർശനം. കേന്ദ്രസമിതിയുടെ തീരുമാനം മറികടന്നാണു സഖ്യമുണ്ടാക്കിയതെന്നും അതിലൂടെ കോൺഗ്രസാണു ഗുണമുണ്ടാക്കിയതെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി.

എന്നാൽ, കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതു കൊണ്ടാണു പല മണ്ഡലങ്ങളിലും പ്രചാരണം നടത്താനെങ്കിലുമായതെന്നു വിശദമാക്കിയ ബംഗാൾ ഘടകം, ലോക്സഭാ തെരഞ്ഞെടുപ്പിലേതിനു സമാനമായ രാഷ്ട്രീയ സാഹചര്യമാണു സംസ്‌ഥാനത്തുണ്ടായിരുന്നതെന്നും വാദിച്ചു.

തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപക ആക്രമണങ്ങളെ നേരിടാനായതു കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതു കൊണ്ടാണ്. അതുകൊണ്ടു ചിലയിടങ്ങളിൽ തൃണമൂലിന്റെ വിജയം തടുക്കാനായി. സമ്മർദം രൂക്ഷമാക്കാനും ഉപകരിച്ചു. സഖ്യമുണ്ടാക്കിയതു പാർട്ടിയുടെ മൂല്യങ്ങളോ ആദർശങ്ങളോ വിട്ടുവീഴ്ച ചെയ്തായിരുന്നില്ലെന്നും ബംഗാൾ നേതാക്കൾ വിശദമാക്കി.


അതേസമയം, കൂട്ടായ പ്രവർത്തനമാണു കേരളത്തിൽ മികച്ച വിജയത്തിനു വഴിയൊരുക്കിയതെന്ന് പിബി വിലയിരുത്തി. ന്യൂനപക്ഷ സമുദായങ്ങൾ പാർട്ടിക്കു മികച്ച പിന്തുണ നൽകി. വർഗീയതയുടെ കടന്നുകയറ്റത്തെ ചെറുക്കാൻ ഏറ്റവും മികച്ച ശക്‌തി സിപിഎമ്മും ഇടതുപക്ഷവുമാണെന്ന നിലപാട് കേരള ജനത അംഗീകരിച്ചെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനു നൽകേണ്ട പദവികൾ സംബന്ധിച്ച് പിബിയിൽ തീരുമാനമായില്ല. കാബിനറ്റ് പദവിയോടെ സർക്കാരിന്റെ ഉപദേശക സ്‌ഥാനം, എൽഡിഎഫ് അധ്യക്ഷ സ്‌ഥാനം, സെക്രട്ടേറിയറ്റ് അംഗത്വം എന്നിവ മുന്നോട്ടുവച്ചു വി.എസ് നൽകിയ കുറിപ്പ് ഇന്നു നടക്കുന്ന യോഗത്തിൽ സീതാറാം യെച്ചൂരി വച്ചേക്കുമെന്നാണ് സൂചന. കാബിനറ്റ് പദവി നൽകുന്നതിൽ പിബി എതിർപ്പു പറയില്ല. എന്നാൽ, വി.എസിനെ സർക്കാരിന്റെ മുഴുവൻ സമയ ഉപദേശകനാക്കുന്നതിലെ താത്പര്യമില്ലായ്മ സംസ്‌ഥാന ഘടകം യോഗത്തിൽ അറിയിക്കാനാണു സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.