കൊല്ലപ്പെട്ട കോംഗോ പൗരന്റെ കുടുംബം ഇന്ത്യയിൽ എത്തി
Monday, May 30, 2016 12:42 PM IST
ന്യൂഡൽഹി: ഓട്ടോറിക്ഷ വാടകയ്ക്കു വിളിക്കുന്നതു സംബന്ധിച്ച വാക്കേറ്റത്തെത്തുടർന്നു മർദനമേറ്റു മരിച്ച കോംഗോ പൗരൻ മസോണ്ട കെറ്റാഡ ഒളിവിയറിന്റെ കുടുംബാംഗങ്ങൾ ഇന്നലെ ഇന്ത്യയിലെത്തി.

ഇന്ത്യൻ വിദേശകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ വിമാനത്താവളത്തിൽ അവരെ സ്വീകരിച്ചു. ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ചിൽ ഈമാസം 20നാണ് ഇരുപത്തിമൂന്നുകാരനായ ഒളിവിയർ ആക്രമണത്തിൽ മരിച്ചത്. അദ്ദേഹം ഒരു സ്വകാര്യ സ്‌ഥാപനത്തിൽ ഫ്രഞ്ച് അധ്യാപകനായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുറ്റക്കാർക്ക് അർഹമായ ശിക്ഷ ലഭിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും കുടുംബാംഗങ്ങളെ വിദേശകാര്യവകുപ്പ് അറിയിച്ചു. ഒളിവറിന്റെ മൃതദേഹം കോംഗോയിൽ എത്തിക്കുന്നതുൾപ്പെടെയുള്ള ചെലവുകൾ പൂർണമായി ഇന്ത്യ വഹിക്കുമെന്നും വകുപ്പ് ഉറപ്പ് നൽകി.

അതേസമയം, ഇന്ത്യയിൽ ആഫ്രിക്കൻ പൗരന്മാർ ആക്രമിക്കപ്പെടുന്നതിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾ ഉത്കണ്ഠ രേഖപ്പെടുത്തി. എന്നാൽ, ആഫിക്കൻ പൗരന്മാർക്ക് ഇന്ത്യയിൽ സുരക്ഷ ഉറപ്പാണെന്നും കോംഗോ പൗരന് സംഭവിച്ചത് ഒറ്റപ്പെട്ട അക്രമസംഭവമാണെന്നും വിദേശമന്ത്രാലയം വിശദീകരിച്ചു. വംശീയ ആക്രമണമാണെന്നു സ്‌ഥിരീകരിക്കപ്പെട്ടാൽ കർശന നടപടിയുണ്ടാവുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി കിരൺ റിജിജു പറഞ്ഞു. നിയമം കയ്യിലെടുക്കാൻ വിദേശിയാണെങ്കിലും സ്വദേശിയാണെങ്കിലും യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.


ആഫ്രിക്കൻ പൗരന്മാർ നടത്തിയ അക്രമങ്ങളെ പരാമർശിച്ചാണ് മന്ത്രി ഈ മുന്നറിയിപ്പ് നൽകിയത്. ന്യൂഡൽഹിയിൽ ഇന്നലെ വെളുപ്പിന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആഫ്രിക്കക്കാരായ ആറംഗസംഘം ഒല ഓൺലൈൻ ടാക്സി കാർ ഡ്രൈവർ നൂറുദ്ദീനെ മർദിച്ച് അവശനാക്കുകയായിരുന്നു. ഇതിനിടെ, ഗോവയിലെ മാപുസയിൽ നൈജീരിയക്കാരനായ യുവാവ് മുപ്പത്തൊമ്പതുകാരിയായ ഇന്ത്യക്കാരിയെ മാനഭംഗപ്പെടുത്തി. വഴിയാത്രകാരിയായ സ്ത്രീയെ രണ്ടു നൈജീരിയക്കാർ കത്തികാട്ടി ഭീഷണിപ്പെടുത്തി വിജനമായ കെട്ടിടത്തിലേക്ക് ബലംപ്രയോഗിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.