എൽഎൻജി പദ്ധതി വേഗത്തിലാക്കുന്നു
എൽഎൻജി പദ്ധതി വേഗത്തിലാക്കുന്നു
Monday, May 30, 2016 12:42 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തിലെ ദ്രവീകൃത പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതി പൂനരാരംഭിച്ച് എൽഎൻജി ടെർമിനൽ വികസനം അതിവേഗം പൂർത്തിയാക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും പെട്രോനെറ്റ് എംഡിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ചു ധാരണയായത്. രണ്ടു വർഷത്തിനകം പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കുമെന്നു പെട്രോനെറ്റ് എം.ഡി പ്രഭാത് സിംഗ് അറിയിച്ചു.

പൈപ്പ്ലൈൻ സ്‌ഥാപിക്കുന്നതിലെ തടസങ്ങളെക്കുറിച്ചും ടെർമിനൽ വികസനത്തെക്കുറിച്ചും വിശദമായ റിപ്പോർട്ടു നൽകണമെന്നു മുഖ്യമന്ത്രി പെട്രോനെറ്റ് എംഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർ നടപടികൾക്കായി പ്രഭാത് സിംഗ് കേരളത്തിൽ എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയതായി പ്രഭാത് സിംഗ് പറഞ്ഞു. ജൂലൈയിൽ പൈപ്പ് ലൈൻ സ്‌ഥാപിക്കുന്നത് ആരംഭിച്ചു രണ്ടു വർഷം കൊണ്ടു പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഖത്തറിനെ കൂടാതെ ഓസ്ട്രേലിയയിൽ നിന്നും ഉടനെയും അമേരിക്ക, റഷ്യ എന്നിവിടങ്ങളിൽ നിന്ന് പിന്നീടും വാതകമെത്തിക്കുമെന്നും സിംഗ് അറിയിച്ചു.

പുതുവൈപ്പിനിൽ എൽഎൻജി ടെർമിനൽ സജ്‌ജമായെങ്കിലും പൈപ്പ്ലൈൻ സ്‌ഥാപിക്കുന്നതിലെ തടസം മൂലം അവിടെ നിന്നുള്ള വാതകം വിപണിയിലെത്തിക്കാൻ കഴിയുന്നില്ലെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണു പെട്രോനെറ്റ് എംഡി മുഖ്യമന്ത്രിയെ സന്ദർശിച്ചു വിശദമായി ചർച്ച നടത്തിയത്. പൈപ്പ് ലൈൻ അപകടകാരിയാകുമോയെന്ന ഭയവും സ്‌ഥലമുടമകൾക്കു നൽകുന്ന നഷ്‌ടപരിഹാരത്തുകയെ സംബന്ധിച്ച പ്രശ്നങ്ങളുമാണ് തടസമാകുന്നത്. 3000 കോടിരൂപയുടെ പദ്ധതിയിൽ കേരളത്തിലെ ഏഴു ജില്ലകളിലൂടെ 505 കിലോ മീറ്റർ നീളത്തിലാണ് പൈപ്പുകൾ സ്‌ഥാപിക്കേണ്ടത്. ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും (ഗെയിൽ) കേരള വ്യവസായ വികസന കോർപറേഷനും ആണ് ഇതിനുള്ള കരാറെടുത്തിരിക്കുന്നത്. കൊച്ചി വൈപ്പിനിൽ സ്‌ഥാപിച്ച എൽഎൻജി ടെർമിനലിൽ നിന്ന് മംഗലാപുരം, കായംകുളം, പാലക്കാട് എന്നിവിടങ്ങളിലേക്കാണു പൈപ്പ് സ്‌ഥാപിക്കുക. 1,114 കിലോമീറ്റർ നീളത്തിൽ പൈപ്പ്ലൈനുകൾ സ്‌ഥാപിക്കുന്നതു സമയ ബന്ധിതമായി തീർന്നില്ലെങ്കിൽ പദ്ധതി ഉപേക്ഷിക്കാനാണ് പെട്രോനെറ്റ് എൽഎൻജിയുടെ തീരുമാനം. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ പൈപ്പ്ലൈൻ സ്‌ഥാപിക്കുന്നതിൽ കേരളത്തിലും തമിഴ്നാട്ടിലും കടുത്ത എതിർപ്പാണ് ഗെയിൽ നേരിടുന്നത്. കൂടാതെ മംഗലാപുരം–കൊച്ചി പൈപ്പ്ലൈൻ പദ്ധതി നടപ്പാക്കുന്നതു വഴി ഭൂമി നഷ്‌ടപ്പെടുന്നവർക്കുള്ള നഷ്‌ടപരിഹാര തുക പത്തിൽ നിന്നു മുപ്പതു ശതമാനമായി ഉയർത്തണമെന്ന സുപ്രീംകോടതി ഉത്തരവും നിലവിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.