റബർ നയം ഉടൻ: കേന്ദ്രം
റബർ നയം ഉടൻ: കേന്ദ്രം
Monday, May 30, 2016 12:42 PM IST
ന്യൂഡൽഹി: റബർ കൃഷിയിൽ വിലയിടിവ് പ്രതിസന്ധി പരിഹരിക്കുന്നതിനായി പരീക്ഷണാടിസ്‌ഥാനത്തിൽ നടപ്പിലാക്കിയ റവന്യൂ ഇൻഷ്വറൻസ് സ്കീം ഫോർ പ്ലാന്റേഷൻ ക്രോപ്സ് (ആർഐഎസ്പിസി) രാജ്യവ്യാപകമാക്കാൻ കേന്ദ്ര സർക്കാരിന്റെ തീരുമാനം. കേരളത്തിലെ രണ്ട് ജില്ലകൾ അടക്കം ഏഴ് ജില്ലകളിൽ പരീക്ഷണാടിസ്‌ഥാനത്തിൽ മാർച്ചിൽ നടപ്പിലാക്കിയതാണു രാജ്യവ്യാപകമാക്കുന്നതെന്നു കേന്ദ്ര വാണിജ്യ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനെത്തുടർന്ന് പ്രഖ്യാപനം മാറ്റിവച്ച പുതിയ റബർ നയം ഉടൻ പ്രഖ്യാപിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്‌തമാക്കി.

2003 മുതൽ 2013 വരെ നടപ്പിലാക്കിയിരുന്ന വിലസ്‌ഥിരത പദ്ധതി മാറ്റി പകരം തുടങ്ങിയ പദ്ധതിയാണ് പ്ലാന്റേഷൻ വിളകൾക്കുള്ള റവന്യു ഇൻഷ്വറൻസ് പദ്ധതി. അന്താരാഷ്ട്ര– ആഭ്യന്തര വിപണികളിലുണ്ടാകുന്ന വിപണി വിലയിടിവും കാലാവസ്‌ഥ, വിളനാശം തുടങ്ങിയവ മൂലമുണ്ടാകുന്ന പ്രതിസന്ധിയും പരിഹരിക്കുന്നതിനുള്ള പദ്ധതിയിൽ 15 ശതമാനം സംസ്‌ഥാന സർക്കാരിന്റെ വിഹിതത്തോടെ 80 ശതമാനം നഷ്‌ടപരിഹാരം ഉറപ്പാക്കാനാണു ലക്ഷ്യമാക്കുന്നത്.

പാലക്കാട്, ഇടുക്കി എന്നിവ അടക്കം രാജ്യത്തെ ഏഴ് ജില്ലകളിൽ നടത്തിയ പരീക്ഷണം വിജയകരമായതിന്റെ അടിസ്‌ഥാനത്തിലാണ് രാജ്യവ്യാപകമാക്കാൻ തീരുമാനിച്ചതെന്നു നിർമല അവകാശപ്പെട്ടു.


ഹെക്ടറിന് അഞ്ചു വർഷത്തെ ശരാശരി വരുമാനം കണക്കാക്കിയാവും നഷ്‌ടപരിഹാരം നൽകുക. റബർ ബോർഡ് അടക്കമുള്ള വാണിജ്യ ബോർഡുകൾ നോഡൽ ഏജൻസിയാക്കി ഇൻഷ്വറൻസ് കമ്പനികൾ പദ്ധതി നടപ്പിലാക്കും. ഇൻഷ്വറൻസ് പദ്ധതിക്കുള്ള പ്രീമിയം തുകയുടെ 75 ശതമാനം കേന്ദ്ര സർക്കാരും 15 ശതമാനം സംസ്‌ഥാന സർക്കാരും 10 ശതമാനം കൃഷിക്കാരനും നൽകണം. കർഷകർക്കുണ്ടാകുന്ന നഷ്‌ടം ഇതിലൂടെ ഏറെക്കുറെ നികത്താനാകുമെന്നും റബർ ബോർഡിൽ രജിസ്റ്റർ ചെയ്യുന്ന കർഷകർക്കു ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും സർക്കാർ വിശദമാക്കുന്നു.

ഇതിനു പുറമേയാണു സമഗ്രമായ റബർ നയം കേന്ദ്ര സർക്കാർ തയാറാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട നിരവധി കൂടിയാലോചനകൾ വാണിജ്യ മന്ത്രാലയം നടത്തിക്കഴിഞ്ഞതാണ്. അതിനിടയിലാണ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുണ്ടായത്. പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ റബർ നയം പുറത്തുവിടാനായില്ല. തടസം നീങ്ങിയ സാഹചര്യത്തിൽ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.