പിഎസ്എൽവി സി34 ഇരുപത് ഉപഗ്രഹങ്ങളുമായി ഇന്നു കുതിക്കും
പിഎസ്എൽവി സി34 ഇരുപത് ഉപഗ്രഹങ്ങളുമായി ഇന്നു കുതിക്കും
Tuesday, June 21, 2016 12:52 PM IST
ശ്രീഹരിക്കോട്ട: ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്ന ഐഎസ്ആർഒയുടെ ചരിത്ര ദൗത്യത്തിനു സി 34 റോക്കറ്റ് ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്നു കുതിച്ചുയരും. രാവിലെ 9.25 ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് സി– 34 റോക്കറ്റ് വിക്ഷേപിക്കുന്നത്. ഉപഗ്രഹങ്ങളുടെ ബഹിരാകാശത്തെ പ്രവർത്തന രീതികളെക്കുറിച്ചുള്ള പരീക്ഷണങ്ങളും പിഎസ്എൽവി റോക്കറ്റിന്റെ വിവിധ ഭാഗങ്ങൾ സംയോജിപ്പിക്കുന്ന പ്രക്രിയയും സതീഷ് ധവാൻ സ്പേസ് സെന്ററിൽ പൂർത്തിയായി.

ഐഎസ്ആർഒയുടെ കാർട്ടോസാറ്റിനുപുറമെ അമേരിക്കയുടെ 13 ഉപഗ്രഹങ്ങളും കാനഡയുടെ രണ്ടും ജർമനി, ഇന്തോനേഷ്യ എന്നിവയുടെ ഓരോന്നു വീതവും ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ചെന്നൈ സത്യഭാമ സർവകലാശാലയുടെയും പൂന കോളജ് ഓഫ് എൻജിനിയറിംഗിന്റെയും ഓരോ ഉപഗ്രഹങ്ങളുമുണ്ട്.

ഇന്ത്യയുടെ കാർട്ടോസാറ്റ്—2 സി ഉപഗ്രഹത്തിനൊപ്പമാണ് മറ്റ് 19 ഉപഗ്രഹങ്ങളും കുതിക്കുക. ഐഎസ്ആർഒയുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ പിഎസ്എൽവി സി–—34 ആണ് ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലേക്കു സംവഹിക്കുന്നത്. വിവിധോദ്ദേശ്യ ഉപഗ്രഹമായ കാർട്ടോസാറ്റിന് 727.5 കിലോ ഭാരമുണ്ട്. വിക്ഷേപണത്തിന്റെ പതിനേഴാം മിനിറ്റിൽ കാർട്ടോസാറ്റ് ലക്ഷ്യത്തിലെത്തും. തുടർന്ന് ഒന്നിന് പിന്നാലെ മറ്റൊന്നായി മറ്റുള്ളവയും ലക്ഷ്യത്തിലെത്തിക്കും. മുപ്പതുമുതൽ 60 വരെ സെക്കൻഡുകളുടെ വ്യത്യാസത്തിലാണിത്.


2008 ഏപ്രിലിൽ കാർട്ടോസാറ്റ്—2 എ ഉപഗ്രഹത്തിനൊപ്പം പത്ത് നാനോ ഉപഗ്രഹങ്ങൾ ഇന്ത്യ ഭ്രമണ പഥത്തിലെത്തിച്ചിരുന്നു. 2015 ഡിസംബറിൽ ആറ് ഉപഗ്രഹങ്ങളെയും ഭ്രമണ പഥത്തിലെത്തിച്ചിരുന്നു. ഇത്തവണ 22 ഉപഗ്രഹങ്ങളെ ഒന്നിച്ച് വിക്ഷേപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇറ്റലിയുടെ രണ്ടെണ്ണംകൂടി ഉൾപ്പെടുത്തിയിരുന്നെങ്കിലും വിക്ഷേപണത്തിനു മുമ്പുള്ള പരീക്ഷണങ്ങൾക്ക് ഉപഗ്രഹങ്ങൾ എത്തിക്കുന്നതിൽ അവർ പരാജയപ്പെട്ടതിനെത്തുടർന്ന് ഒഴിവാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.