5.66 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ലേലത്തിന് അംഗീകാരം
5.66 ലക്ഷം കോടി രൂപയുടെ  സ്പെക്ട്രം ലേലത്തിന് അംഗീകാരം
Wednesday, June 22, 2016 1:09 PM IST
<ആ>ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: മൊത്തം 5.66 ലക്ഷം കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന മെഗാ സ്പെക്ട്രം ലേലം പദ്ധതിക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ടെലികോം മേഖലയിലെ വിവിധ നികുതികളിലൂടെയും സേവനങ്ങളിലൂടെയും 98,995 കോടി രൂപയും വിവിധ ബാൻഡ് വിസ്താരത്തിലായി 2,300 മെഗാഹെർട്സ് സ്പെക്ട്രം ലേലത്തിലൂടെ 64,000 കോടി രൂപയുമാണു ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തിലൂടെ കേന്ദ്രം പ്രതീക്ഷിക്കുന്നത്.

സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പുകൾ (പുതിയ വ്യവസായ സംരംഭങ്ങൾ) തുടങ്ങുന്നതിനായി 10,000 കോടി രൂപയുടെ ഫണ്ടും കേന്ദ്രമന്ത്രിസഭ അനുവദിച്ചു. ഫണ്ട് പൂർണമായി വിനിയോഗപ്പെടുത്തുമ്പോൾ 18 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നു കേന്ദ്രസർക്കാർ വ്യക്‌തമാക്കി. ഓഹരിയിലൂടെ 60000 കോടിയും കടപ്പത്രങ്ങളിലൂടെ ഇതിന്റെ ഇരട്ടിയോളം തുകയും ആകർഷിക്കാൻ കഴിയുന്ന കേന്ദ്രഫണ്ടായിരിക്കും പതിനായിരം കോടിയെന്ന് സർക്കാർ അവകാശപ്പെട്ടു. ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം ശിപാർശ ചെയ്ത മെഗാ സ്പെക്ട്രം ലേലം പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭ ഏതാണ്ടു അതേ പടി അംഗീകാരം നൽകുകയായിരുന്നു.

ഏഴു ബാൻഡുകളിലായി മൊത്തം 2,300 മെഗാഹെർ്ട്സ് സ്പെക്ട്രം ലേലം ചെയ്യാനാണു കേന്ദ്രത്തിന്റെ തീരുമാനം. 700, 800, 900, 1800, 2100, 2300, 2500 എന്നീ മെഗാഹെർട്സ് ബാൻഡുകളിലുള്ള വിവിധ സ്പെക്ട്രങ്ങൾ ഈ വർഷം ലേലം ചെയ്യാനാണു അനുമതി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പെക്ട്രം ലേല ത്തിലെ എല്ലാ സ്പെക്ട്രവും വിറ്റുപോയാൽ മൊത്തം 5.36 ലക്ഷം കോടി രൂപ (5.36 ട്രില്യൺ രൂപ) ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.


കേന്ദ്രമന്ത്രിസഭയുടെ അനുമതി കിട്ടിയ നിലയ്ക്കു 60 ദിവസത്തിനകം ലേലം നടത്താനാകുമെന്നു സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഡയറക്ടർ ജനറൽ രാജൻ എസ്. മാത്യൂസ് പറഞ്ഞു.

സെപ്റ്റംബർ ഒന്നു മുതൽ ലേലം തുടങ്ങുമെന്നാണു സൂചന. ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 10 വരെ സർക്കാർ അപേക്ഷകൾ സ്വീകരിക്കും. ഓഗസ്റ്റ് 28, 29 തീയതികളായി മോക്ക് ലേലം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ആദ്യമായി ലേലം ചെയ്യുന്ന 700 മെഗാഹെർട്സിന്റേതാകും ഏറ്റവും വിലയേറിയ സ്പെക്ട്രം. ഒരു മെഗാഹെർട്സ് സ്പെക്ട്രത്തിന് 11,485 കോടി രൂപയാണു അടിസ്‌ഥാന വില നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെ അഞ്ചു മെഗാഹെർട്സ് സ്പെക്ട്രം വാങ്ങാൻ ടെലികോം കമ്പനികൾ 57,425 കോടി മുടക്കേണ്ടി വരും. ഈ ബാൻഡിലെ മുഴുവൻ സ്പെക്ട്രവും വിറ്റു പോയാൽ നാലു ലക്ഷം കോടി രൂപ കിട്ടും. കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ടെലികോം റെഗുലേറ്ററി അഥോറിറ്റി (ട്രായ്) വൈകാതെ യോഗം ചേരും.

മുൻ സർക്കാരിന്റെ കാലത്ത് വകുപ്പുമന്ത്രി എ. രാജ അടക്കമുള്ളവരുടെ രാജിയിൽ കലാശിച്ച 2ജി സ്പെക്ട്രം ലേലത്തിൽ വലിയ അഴിമതിയാരോപണം നേരിടേണ്ടി വന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.