തുഷാർ വെള്ളാപ്പള്ളി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
തുഷാർ വെള്ളാപ്പള്ളി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
Friday, June 24, 2016 1:25 PM IST
ന്യൂഡൽഹി: പദവികളുടെ ലിസ്റ്റുമായി ബിഡിജെഎസ് നേതൃത്വം ഡൽഹിയിൽ. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഇന്നലെ ഡൽഹിയിൽ ബിജെപി അധ്യക്ഷൻ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. ബോർഡ്, കോർപറേഷൻ, നോട്ടറി, സ്റ്റാൻഡിംഗ് കൗൺസിലുകൾ ഉൾപ്പെടെ ബിഡിജെഎസിനു താത്പര്യമുള്ള പദവികളുടെ ലിസ്റ്റ് അമിത്ഷായ്ക്കു കൈമാറിയെന്നാണു വിവരം.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സഖ്യം ഗുണം ചെയ്തുവെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിനു പിന്നാലെ വിവിധ ബോർഡ്, കോർപറേഷൻ പദവികൾ ആവശ്യപ്പെട്ട് ബിഡിജെഎസ് നേതൃത്വം രണ്ടാഴ്ച മുൻപും ഡൽഹിയിലെത്തിയെങ്കിലും അമിത്ഷായെ കാണാൻ സാധിച്ചിരുന്നില്ല. സ്പൈസസ് ബോർഡ്, നാളികേരള വികസന ബോർഡ് എന്നീ സുപ്രധാന ബോർഡുകളുടെ ചെയൻമാൻ സ്ഥാനമാണു ബിഡിജെഎസിന്റെ ആവശ്യം. എന്നാൽ, ഇക്കാര്യത്തിൽ ബിജെപി സംസ്‌ഥാന ഘടകം കടുത്ത എതിർപ്പുയർത്തുന്നുണ്ട്. ആദിവാസി നേതാവ് സി.കെ ജാനു ട്രൈബൽ വെൽഫെയർ ബോർഡ് അംഗമാകുമെന്നതു സംബന്ധിച്ചു കേന്ദ്രത്തിൽ നിന്ന് ഉറപ്പൊന്നുമുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ബിജെപി സംസ്‌ഥാന നേതൃത്വത്തിന് എതിർപ്പില്ല. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ജാനുവിനു വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ഇനിയുള്ള കാലത്തു കേരളത്തിൽ ജാനുവിനെ പാർട്ടിയുടെ ദളിത് മുഖമായി ഉയർത്തിപ്പിടിക്കാമെന്ന പ്രതീക്ഷയാണു പാർട്ടിക്കുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.