ഇൻഫോസിസ് ജീവനക്കാരിയുടെ കൊലപാതകം: പ്രതിയുടെ ദൃശ്യം പുറത്തുവിട്ടു
Saturday, June 25, 2016 11:17 AM IST
ചെന്നൈ: ചെന്നൈ നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിൽവച്ച് ഇൻഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്നു കരുതുന്ന യുവാവിന്റെ ദൃശ്യം പോലീസ് പുറത്തുവിട്ടു. ട്രാവൽ ബാഗ് തൂക്കിയ ഒരു യുവാവുമായി പ്ലാറ്റ്ഫോമിൽ വച്ച് യുവതി വാക്കുതർക്കത്തിലേർപ്പെട്ടതായി ദൃക്സാക്ഷികൾ മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ ദൃശ്യം പുറത്തുവിട്ടത്.

പുറത്തു ബാഗ് തൂക്കി നടന്നുനീങ്ങുന്ന 30 വയസ് തോന്നിക്കുന്ന യുവാവിന്റെ ദൃശ്യമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രതിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണു പോലീസ് നടപടി. ദൃശ്യത്തിലെ യുവാവിനെ കണ്ടിട്ടുണ്ടെന്നു കൊല്ലപ്പെട്ട സ്വാതിയുടെ സുഹൃത്ത് പറഞ്ഞു.

സ്വാതിയുമായി പരിചയമുള്ളയാളാണു കൊലപാതകിയെന്നാണു പോലീസ് നിഗമനം. പ്രതി ഒരു കോൾ ടാക്സി ഡ്രൈവർ ആണെന്നും പോലീസിനു സംശയമുണ്ട്. കൊലപാതകത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയുടെ ദൃശ്യങ്ങൾ സമീപത്തെ വീടിനു പുറത്തു സ്‌ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നാണു ലഭിച്ചത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ പ്രണയാഭ്യാർഥന തള്ളിയതാണോ കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.


വെള്ളിയാഴ്ച രാവിലെയാണ് ഇൻഫോസിസ് ജീവനക്കാരി ചോളൈമേട് സൗത്ത് ഗംഗൈയമ്മ കോവിൽ സ്ട്രീറ്റിലെ എസ് സ്വാതിയെ (24) നുങ്കംപാക്കം റെയിൽവെ സ്റ്റേഷനിൽ വെട്ടിക്കൊലപ്പെടുത്തിയത്. മാരമലൈ നഗറിലുള്ള മഹീന്ദ്ര ടെക് പാർക്കിൽ ജോലി ചെയ്യുന്ന സ്വാതി ഓഫീസിൽ പോകാൻ ട്രെയിൻ കാത്തുനിൽക്കെയായിരുന്നു സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.