സിദ്ധരാമയ്യക്കു വനിതാ താലൂക്ക് പഞ്ചായത്ത് അംഗത്തിന്റെ ചുംബനം
സിദ്ധരാമയ്യക്കു വനിതാ താലൂക്ക് പഞ്ചായത്ത്  അംഗത്തിന്റെ ചുംബനം
Sunday, June 26, 2016 11:54 AM IST
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പൊതുവേദിയിൽ യുവതി ചുംബിച്ചു. ജില്ലാ, താലൂക്ക് പഞ്ചായത്തുകളിലേക്കു പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുറൂബ വിഭാഗത്തിൽപ്പെട്ട ജനപ്രതിനിധികളെ അഭിനന്ദിക്കാനായി കർണാടക പ്രദേശ് കുറൂബ സംഘം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അപ്രതീക്ഷിത സംഭവം. സ്വീകരണപരിപാടിയിൽ പങ്കെടുത്തവരെല്ലാം ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിരന്നുനിന്നപ്പോൾ സിദ്ധരാമയ്യയുടെ തൊട്ടടുത്തായിരുന്നു ചിക്കമംഗ്ളൂരുവിലെ തരിക്ക്രേയിൽനിന്നുള്ള താലൂക്ക് പഞ്ചായത്തംഗം ഗിരിജ ശ്രീനിവാസിന് സ്‌ഥലംകിട്ടിയത്. പെട്ടെന്നു പൊട്ടിച്ചിരിച്ചുകൊണ്ട് ഗിരിജ മുഖ്യമന്ത്രിയുടെ കവിളിൽ ചുംബിക്കുകയായിരുന്നു.


ആദ്യം അമ്പരന്ന സിദ്ധരാമയ്യ പെട്ടെന്നു ചെറുപുഞ്ചിരിയോടെ തൂവാലകൊണ്ടു കവിൾ തുടച്ചു. കുറൂബ സമുദായത്തിൽനിന്നുള്ളയാളാണു സിദ്ധരാമയ്യ. ഇതേ സമുദായത്തിൽപ്പെട്ട താനും കുടുംബവും പിതൃതുല്യനായി കാണുന്ന മുഖ്യമന്ത്രിയുടെ അടുത്തുനിൽക്കാൻ കഴിഞ്ഞതിലുള്ള അത്യാഹ്ലാദത്തിലാണു ചുംബിച്ചതെന്നായിരുന്നു യുവതിയുടെ പ്രതികരണം. ഗിരിജയെ മകളെപ്പോലെയാണു കരുതുന്നതെന്നു പിന്നീടു സിദ്ധരാമയ്യയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.