മൽവാനി വധക്കേസിൽ മൂന്നു പേർ പിടിയിൽ
Sunday, June 26, 2016 11:54 AM IST
മുംബൈ: വീട്ടിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുക്കുന്നതിന് മൂന്നു പേരെ വധിച്ച കേസിൽ സ്ത്രീയും ഭർത്താവും സുഹൃത്തും അറസ്റ്റിലായി. ബാബ്ലി സാഹു(49), അവരുടെ പേരക്കുട്ടികളായ ആര്യൻ(12), സാനിയ(ഒമ്പത്) എന്നിവരാണ് ഈമാസം 23ന് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. അനം എന്നു വിളിക്കപ്പെടുന്ന ഷബാന ഷേക്ക്(25), അവരുടെ ഭർത്താവ് സൽമാൻ അക്ബർ ഷേക്ക്(26) അയാളുടെ സുഹൃത്ത് മുഹമ്മദ് അഹമ്മദ് ഷേക്ക്(22) എന്നിവരാണു പിടിയിലായത്. ഗുജറാത്തിലെ വൽസാദിൽനിന്നാണു പ്രതികളെ അറസ്റ്റ്ചെയ്തത്.

കൊല്ലപ്പെട്ട ബാബ്ലിക്കു വ്യാജച്ചാരായ കച്ചവടവും പെൺവാണിഭവും ഉണ്ടായിരുന്നു. ഇവരുടെ ഇടപാടുകൾക്കു കൂട്ടാളിയായി നിന്ന സ്ത്രീയാണു ഷബാന. ഇരുവരും ഒരേ പ്രദേശത്തെ താമസക്കാരായിരുന്നു. ബാബ്ലിയുടെ ഇടപാടിന് ആളുകളെ എത്തിച്ചിരുന്നത് ഷബാനയാണ്. ആളിന്റെ എണ്ണം അനുസരിച്ചുള്ള കമ്മീഷൻ നൽകുകയും ചെയ്തിരുന്നു. അടുത്ത് ഇടപഴകിയിരുന്നതിനാൽ ഏറെക്കുറെ ഏത്രമാത്രം പണം ബാബ്ലിയുടെ പക്കൽ ഉണ്ടായിരിക്കും എന്നു ഷബാനയ്ക്ക് അറിയാമായിരുന്നു. അതിനാൽ, ബാബ്ലിയെ കൊലപ്പെടുത്തി പണം തട്ടാൻ മൂവർസംഘം പദ്ധതിയിട്ടു.


സംഭവദിവസം രാത്രി ഇടപാടുകാരാണെന്നു തെറ്റിദ്ധരിപ്പിച്ചു ഭർത്താവിനെയും കൂട്ടുകാരനെയും ബാബ്ലിയുടെ വീട്ടിൽ എത്തിച്ചു. ഈസമയം ബാബ്ലിയുടെ കൊച്ചുമക്കൾ ഉറക്കത്തിലായിരുന്നു. ഇടപാടിനെന്ന വ്യാജേന ബബ്ലിയുടെ സമീപത്തേക്ക് എത്തിയ ഷേക്കും അഹമ്മദും പണമെടുക്കാൻ ഭീഷണിപ്പെടുത്തി. പക്ഷേ, ബബ്ലി അതിനു തയാറായില്ല. മൂവരുമായി വാക്കേറ്റം നടത്തുകയുംചെയ്തു. ഇതേത്തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഇരുവരുംചേർന്ന് ബാബ്ലിയെ പലതവണ കുത്തി. ബാബ്ലി മരിച്ചെന്ന് ഉറപ്പാക്കിയശേഷം പണം വച്ചിരുന്ന അലമാര കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അലമാര പൊളിക്കാനുള്ള ശ്രമത്തിനിടെ ശബ്ദംകേട്ട് കുട്ടികൾ ഇരുവരും ഉണർന്നു. കുട്ടികളെ വെറുതെവിട്ടാൽ കൊലപാതകത്തിന്റെ ദൃക്സാക്ഷികളാകുമെന്നതിനാൽ അവരെയും ക്രൂരമായി വധിക്കുകയായിരുന്നു. പ്രതികളുടേതെന്നു കരുതുന്ന രക്‌തക്കറ പുരണ്ട വസ്ത്രം, മൊബൈൽ ഫോൺ എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികളെ കൂടുതൽ ചോദ്യംചെയ്തു വരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.