അടിയന്തരാവസ്‌ഥയെ പരാമർശിച്ച് മോദിയുടെ മൻ കി ബാത്ത്
അടിയന്തരാവസ്‌ഥയെ പരാമർശിച്ച് മോദിയുടെ മൻ കി ബാത്ത്
Sunday, June 26, 2016 11:54 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: അടിയന്തരാവസ്‌ഥയുടെ നാല്പതാം വാർഷികത്തിൽ അതു വിഷയമാക്കിയുള്ള മൻ കി ബാത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജനാധിപത്യമാണു നമ്മുടെ ശക്‌തിയെന്നും ജനപങ്കാളിത്തത്തോടെ രാജ്യം മുന്നേറാനാണു താൻ ശ്രമിക്കുന്നതെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ നരേന്ദ്ര മോദി പറഞ്ഞു.

തന്റെ മൻ കി ബാത്തിനെ ചില ആളുകൾ വളരെയധികം വിമർശിക്കാറുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജനാധിപത്യക്കരുത്തിന്റെ ഓർമപ്പെടുത്തലുകൾ രാജ്യത്ത് നിരന്തരം ഉണ്ടാകേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

ജനാധിപത്യമെന്നാൽ അഞ്ചു വർഷത്തേക്കു രാജ്യം ഭരിക്കാനുള്ള അവകാശം വിട്ടുകൊടുക്കുക മാത്രമല്ല, ജനപങ്കാളിത്തം ഉറപ്പാക്കുകയുമാണ്. ജനശക്‌തിയുടെ അനുഭവ സാക്ഷ്യങ്ങൾ അധികാരത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയും അതിലൂടെ ജനശക്‌തി കൂടുതൽ ശക്‌തമാകുകയും വേണം. ജനങ്ങളുടെ സ്വഭാവം, രീതി, പ്രകൃതി, ചിന്ത എന്നിവയ്ക്ക് അനുസൃതമായി സർക്കാരുകൾ എത്രത്തോളം ജനങ്ങളുമായി ഇടപെടുന്നുവോ അത്രത്തോളം രാജ്യത്തിന്റെ കരുത്തും വർധിക്കും. സർക്കാരും ജനങ്ങളും തമ്മിലുള്ള വിടവ് വർധിച്ചാൽ അതു നാശത്തിനു ആക്കം കൂട്ടുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ജനാധിപത്യത്തെക്കുറിച്ചു വലിയ കാര്യങ്ങൾ പറയുന്ന താങ്കൾ, ജനങ്ങളെക്കൊണ്ട് താങ്കളുടെ സർക്കാരിനെ എന്തുകൊണ്ടു വിലയിരുത്തിക്കുന്നില്ലെന്നായിരുന്നു പുരോഗമന ചിന്താഗതിക്കാരായ കുറച്ചു ചെറുപ്പക്കാരുടെ ചോദ്യം. ഈ വെല്ലുവിളി ഏറ്റെടുത്താണ് സാങ്കേതികവിദ്യയുടെ അടിസ്‌ഥാനത്തിൽ വിവിധ ഭാഷകളിലൂടെ തന്റെ സർക്കാരിനെ വിലയിരുത്തുവാൻ ആവശ്യപ്പെട്ടത്. മൂന്നു ലക്ഷം ആളുകൾ മൈഗവ് വെബ്സൈറ്റിലൂടെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള ജൂൺ 26 ജനങ്ങളുടെ ശബ്ദം അടിച്ചമർത്തിയ ദിവസമാണെങ്കിൽ ഇപ്പോൾ ഈ സർക്കാർ ചെയ്യുന്നതു നല്ലതാണോ ചീത്തയാണോയെന്നു വിലയിരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.


കള്ളപ്പണ നിക്ഷേപകർ സെപ്റ്റംബർ 30നകം അതു വെളിപ്പെടുത്തണം. ഇതു അവസാന അവസരമാണു ലഭിക്കുന്നത്. അതു പാലിക്കുന്നവർക്ക് ശിക്ഷാ നടപടികളിൽ ഇളവ് ലഭിക്കും. കൃഷിക്കാരെപ്പോലെ തന്നെ ശാസ്ത്രജ്‌ഞരും ഇന്ത്യയുടെ യശസ് ഉയർത്തുന്നതിനാണ് ശ്രമിക്കുന്നത്. ഒരുമിച്ച് 20 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആർഒയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി നിരവധി പേർക്ക് സഹായകരമായിട്ടുണ്ട്. വിവിധ പരീക്ഷകളിൽ പെൺകുട്ടികൾ മുന്നിലെത്തുന്നത് ഇതിന്റെ ഉദാഹരണങ്ങളാണ്. അന്താരാഷ്ട്ര യോഗാദിനം ലോകം മുഴുവനും ഏറ്റെടുത്തു കഴിഞ്ഞെന്നും മോദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.