ബിൻലാദന്റെ സങ്കല്പം ഹെഡ്ലി അനുകരിച്ചു
ബിൻലാദന്റെ സങ്കല്പം ഹെഡ്ലി അനുകരിച്ചു
Sunday, June 26, 2016 12:01 PM IST
ന്യൂഡൽഹി: അൽക്വയ്ദ തലവനായിരുന്ന ഉസാമ ബിൻ ലാദന്റെ ബഹുഭാര്യാസങ്കല്പം അനുകരിക്കാൻ പാക്– അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലി ശ്രമിച്ചിരുന്നതായി അന്വേഷണാത്മക പത്രപ്രവർത്തകൻ കാരെ സൊറെൻസണിന്റെ ദ മൈൻഡ് ഓഫ് എ ടെററിസ്റ്റ് പുസ്തകത്തിൽ വെളിപ്പെടുത്തൽ.

ഉസാമയുടെ അച്ഛനായ മുഹമ്മദ് ബിൻലാദന് 22 ഭാര്യമാരിൽനിന്ന് 54 കുട്ടികളുണ്ടായിരുന്നു. ഇതുപോലെ വലിയൊരു കുടുംബവും കുറഞ്ഞത് നാലുഭാര്യമാരെങ്കിലും വേണമെന്നു ഉസാമയും തീരുമാനിച്ചു. അങ്ങനെ ആറു ഭാര്യമാരിൽനിന്ന് 20 കുട്ടികളുണ്ടായി.

ഒരു ഭാര്യയുണ്ടെങ്കിൽ ജീവിതം നടക്കുന്നതുപോലെയാണ്. രണ്ടു ഭാര്യമാരുണ്ടെങ്കിൽ സൈക്കിൾപോലെയാണ്, വേഗം ഉണ്ടാവും പക്ഷേ, യാത്ര ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടുമാകും. മൂന്നു ഭാര്യമാരുണ്ടെങ്കിൽ മുച്ചക്രസൈക്കിൾപോലെ പതുക്കെയേ നീങ്ങൂ. പക്ഷേ, മറിയുകയില്ല. ഭാര്യമാർ നാലാണെങ്കിൽ ഹാ! പ്രശ്നം അയൽപക്കത്തുപോലും വരുകയില്ല– ഇതായിരുന്നു ഉസാമയുടെ നിലപാട്. ഉസാമയുടെ ആശയം ഹെഡ്ലി പലരോടും പറഞ്ഞിരുന്നതായും അനുകരിക്കാൻ ശ്രമിച്ചിരുന്നതായും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പുറത്തിറക്കിയ പുതിയ പുസ്തകത്തിലുണ്ട്. ഹെഡ്ലിയുടെ വ്യക്‌തിപരമായ ഇ–മെയിലുകളും മറ്റും പരിശോധിച്ചതിൽനിന്നാണു ലേഖകൻ ഈ നിഗമനത്തിലെത്തിയത്. അറബ് സ്ത്രീകൾ തന്റെയും ഉസാമയുടെയും ആശയത്തോടു യോജിക്കുന്നു, അതിനാൽ അവർക്കൊപ്പം ജീവിക്കാൻ ഇഷ്‌ടപ്പെടുന്നു. അവരുടെ ആവശ്യം നിങ്ങൾ സുമുഖനായിരിക്കണമെന്നു മാത്രമാണെന്നും ഒരു സുഹൃത്തിനയച്ച ഇ–മെയിൽ സന്ദേശത്തിൽ ഹെഡ്ലി പറയുന്നുണ്ട്. പക്ഷേ, പാക്കിസ്‌ഥാനിലെ സ്ത്രീകളോട് ഹെഡ്ലിക്ക് അത്ര താത്പര്യമില്ലായിരുന്നു.


അമേരിക്കയിലെ മയക്കുമരുന്നു നിയന്ത്രണവിഭാഗത്തിലെ ഉദ്യോഗസ്‌ഥർ മുതൽ ലഷ്കറിലെ മുതിർന്ന നേതാക്കൾവരെ ഉൾപ്പെടുന്നതാണു ഹെഡ്ലിയുടെ ശൃംഖല. പാക്കിസ്‌ഥാനിലെ മയക്കുമരുന്നു കടത്തുകാർ, ഇന്റലിജൻസ് സർവീസിലെ ഇക്ബാൽ, ലഷ്കർ നേതാക്കളായ പാഷ, സാജിദ് മിർ എന്നിവരുമായി ഹെഡ്ലി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നതായും പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.