യുവരാജാവിന്റെ വിവാഹം ഇന്ന്; അണിഞ്ഞൊരുങ്ങി മൈസൂരു
യുവരാജാവിന്റെ വിവാഹം ഇന്ന്; അണിഞ്ഞൊരുങ്ങി മൈസൂരു
Sunday, June 26, 2016 12:01 PM IST
മൈസൂരു: യുവരാജാവ് യദുവീർ കൃഷ്ണദത്ത വൊഡയാറിന്റെ വിവാഹത്തിനായി മൈസൂരു രാജകൊട്ടാരം അണിഞ്ഞൊരുങ്ങി. ഇന്നു രാവിലെ 9.05നും 9.35നുമിടയിലുള്ള മുഹൂർത്തത്തിൽ അംബവിലാസ് കൊട്ടാരത്തിലെ വിവാഹമണ്ഡപത്തിലാണു വിവാഹ ചടങ്ങുകൾ നടക്കുന്നത്. രാജസ്‌ഥാനിലെ ദുംഗാർപുർ രാജകുടുംബത്തിലെ ഹർഷവർധൻ സിംഗിന്റെയും മഹാശ്രീ കുമാരിയുടെയും മകളായ തൃഷിക കുമാരിയാണ് വധു. പരമ്പരാഗതമായ രാജകീയ ചടങ്ങുകൾ അനുസരിച്ചായിരിക്കും വിവാഹം. 2,000 ത്തോളം ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ നടക്കുന്ന വിവാഹചടങ്ങിന് 40 പുരോഹിതർ നേതൃത്വം നൽകും.

വിവാഹത്തിനായുള്ള ഔദ്യോഗിക ഒരുക്കങ്ങൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. വധുവും മാതാപിതാക്കളും ബന്ധുക്കളും വെള്ളിയാഴ്ച മൈസൂരുവിലെത്തിയിരുന്നു. രാജകുടുംബാംഗങ്ങൾ സ്വർണാഭരണങ്ങൾ നൽകിയാണു പ്രതിശ്രുതവധുവിനെ വരവേറ്റത്. 28നു വൈകുന്നേരം ഏഴിന് വിവാഹസത്കാരവും 29ന് വധൂവരന്മാരെ തുറന്ന വാഹനത്തിൽ ഇരുത്തി ഘോഷയാത്രയും നടക്കും. ജൂലൈ രണ്ടിന് ബംഗളൂരുവിലെ കൊട്ടാരത്തിലും വിവാഹസത്കാരം ഒരുക്കിയിട്ടുണ്ട്.

അതേസമയം, പ്രതിശ്രുത വധുവിനു പനി ബാധിച്ചതു വിവാഹചടങ്ങിനെ ബാധിക്കുമോയെന്ന് ആശങ്കയുയർന്നിട്ടുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ തൃഷിക കുമാരിയെ പരിശോധിച്ചു മരുന്നു നൽകിയ ശേഷം വിശ്രമം നിർദേശിച്ചിരിക്കുകയാണ്.

കൊട്ടാരത്തിനു മുൻവശത്തായി രണ്ടായിരത്തോളം പേർക്ക് ഇരിക്കാവുന്ന വിവിധ നിറങ്ങളിലായുള്ള പന്തൽ ഒരുക്കിയിട്ടുണ്ട്. അതിഥികൾക്കു ഭക്ഷണം വിളമ്പുന്നതിനായി പ്രത്യേക സ്‌ഥലം ഒരുക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ഭക്ഷണമാണ് അതിഥികൾക്കായി ഒരുക്കുന്നത്. വിവാഹത്തിനുമുന്നോടിയായി ഇന്നലെ മുതൽ മൂന്നു ദിവസത്തേക്ക് കൊട്ടാരത്തിലെ വൈദ്യുത ദീപങ്ങൾ തെളിക്കും. രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, ലോകത്തിലെ വിവിധ രാജകുടുംബാംഗങ്ങൾ തുടങ്ങി വൻ വിഐപി നിര ചടങ്ങിൽ അതിഥികളായെത്തുമെന്നാണ് കരുതുന്നത്.


1998ൽ പാലസ് ബോർഡ് കൊട്ടാരം ഏറ്റെടുത്തതിനു ശേഷം രാജകുടുംബത്തിൽ നടക്കുന്ന ആദ്യ വിവാഹമാണിത്. മൈസൂരു രാജാവായിരുന്ന ശ്രീകണ്ഠദത്ത നരസിംഹ വോഡയാർ അന്തരിച്ചതോടെയാണു യദുവീർ യുവരാജാവായത്. നരസിംഹ വോഡയാറിനു മക്കളില്ലാതിരുന്നതിനാൽ സഹോദരീപുത്രനായ യദുവീറിനെ ദത്തെടുത്തു പിൻഗാമിയാക്കുകയായിരുന്നു. കഴിഞ്ഞ വർഷം മേയ് 28നാണ് യദുവീർ യുവരാജാവായി അഭിഷിക്‌തനായത്. അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം പൂർത്തിയാക്കിയശേഷമാണു യദുവീർ യുവരാജാവായത്. പ്രതിശ്രുത വധു തൃഷിക കുമാരി ബിരുദധാരിയാണ്. എസ്ജെടി സന്യാസിനീസമൂഹം നടത്തുന്ന ബംഗളൂരുവിലെ ജ്യോതിനിവാസ് കോളജിലായിരുന്നു തൃഷിക കുമാരിയുടെ പിയുസി മുതലുള്ള വിദ്യാഭ്യാസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.