മോദിയുടെ വസതിയിലേക്കു മാർച്ച്: 52 എഎപി എംഎൽഎമാർ അറസ്റ്റിൽ
മോദിയുടെ വസതിയിലേക്കു മാർച്ച്: 52 എഎപി എംഎൽഎമാർ അറസ്റ്റിൽ
Sunday, June 26, 2016 12:01 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്കു മാർച്ച് നടത്തിയ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള 52 എംഎൽഎമാരെ അറസ്റ്റ് ചെയ്തതിനുശേഷം വിട്ടയച്ചു. ആം ആദ്മി പാർട്ടി എംഎൽഎ ദിനേശ് മൊഹാനിയയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് എംഎൽഎമാർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ന്യൂഡൽഹി ഏഴ് റേസ് കോഴ്സ് റോഡിലേക്കു മാർച്ച് നടത്തിയത്.

മുഴുവൻ എംഎൽഎമാരെയും മോദിക്കു മുന്നിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാർച്ച് സംഘടിപ്പിച്ചതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. മോദിക്ക് എഎപി എംഎൽഎമാരെ എപ്പോഴും കണ്ടുകൊണ്ടിരിക്കണം. അതുകൊണ്ടാണ് എംഎൽഎമാരെ അറസ്റ്റ് ചെയ്യുന്നത്. ആം ആദ്മി പാർട്ടി സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ അംഗീകരിക്കാത്തതു കൊണ്ടാണ് കേന്ദ്രം അനാവശ്യമായി ഇടപെടുന്നതെന്നും ഇത്രയും വൈരാഗ്യം കാണിക്കാതെ തങ്ങളെ അറസ്റ്റ് ചെയ്യുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തുഗ്ലക്ക് റോഡിൽ വച്ചു മാർച്ചിനെ പോലീസ് തടഞ്ഞെങ്കിലും തനിക്കു പറയാനുള്ളതു പ്രധാനമന്ത്രിയെ അറിയിക്കണമെന്നു ചൂണ്ടിക്കാട്ടി സിസോദിയ അടക്കമുള്ളവർ മുന്നോട്ടുപോകാൻ ശ്രമിച്ചതോടെയാണ് എംഎൽഎമാരെ കസ്റ്റഡിയിലെടുത്തതെന്നു പോലീസ് ജോയിന്റ് കമ്മീഷണർ എം. കെ. മീണ പറഞ്ഞു. തുടർന്ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയ എംഎൽഎമാരെ നാലു മണിക്കൂറിനുശേഷം വിട്ടയച്ചു.


കുടിവെള്ള വിതരണത്തെക്കുറിച്ചു പരാതി പറയാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ആം ആദ്മി പാർട്ടി എംഎൽഎ ദിനേശ് മൊഹാനിയയെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ആരോപണത്തെക്കുറിച്ചു വിശദീകരിക്കാൻ എംഎൽഎ വിളിച്ചുചേർത്ത പത്രസമ്മേളനത്തിനിടെയായിരുന്നു അറസ്റ്റ്. എന്നാൽ, അന്വേഷണവുമായി സഹകരിക്കാത്തതു കൊണ്ടാണ് മൊഹാനിയയെ അറസ്റ്റ് ചെയ്തതെന്നു പോലീസും പറയുന്നു. കഴിഞ്ഞ 18 മാസത്തിനിടെ എട്ട് എഎപി എംഎൽഎമാരെയാണ് ഡൽഹി പോലീസ് വിവിധ കേസുകളിൽപ്പെടുത്തി അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.