നഗരങ്ങളിലുള്ളവർക്കു ഗ്രാമത്തിൽ സ്‌ഥലമുണ്ടെങ്കിൽ വീടു വയ്ക്കാൻ പണം അനുവദിക്കും
Monday, June 27, 2016 12:42 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: നഗരങ്ങളിൽ താമസിക്കുന്ന ഭവനരഹിതരായ ആളുകൾക്ക് ഗ്രാമപ്രദേശങ്ങളിൽ ഭൂമിയുണ്ടെങ്കിൽ അത്തരത്തിലുള്ളവരുടെ പട്ടിക നൽകിയാൽ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം ഭവനം നിർമിക്കാൻ പണം അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ. ഇതിനായി നഗരത്തോടു ചേർന്നുള്ള ഗ്രാമപഞ്ചായത്തിൽ ഭൂമിയുള്ള വീടില്ലാത്തവരുടെ പട്ടിക തയാറാക്കി നൽകാൻ കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു സംസ്‌ഥാന ഗ്രാമവികസന മന്ത്രി കെ.ടി. ജലീലിനു നിർദേശം നൽകി.

ഗ്രാമപ്രദേശങ്ങളിലുള്ളവർക്കു ഭവനനിർമാണത്തിനു പിഎംഎവൈ പ്രകാരം തുക അനുവദിക്കുന്നതിനു ഗ്രാമസഭകൾ തയാറാക്കുന്ന പട്ടിക പരിഗണിക്കണമെന്ന ആവശ്യം കേന്ദ്ര ഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദർ സിംഗ് അനുഭാവപൂർവം പരിഗണിക്കുമെന്നും കെ.ടി. ജലീൽ വ്യക്‌തമാക്കി.

പ്രധാനമന്ത്രി ഗ്രാമ സടക് യോജന (പിഎംജിഎസ്വൈ– രണ്ട്) പദ്ധതിയിൽ ഉൾപ്പെടുത്തി 105 റോഡുകളുടെ (419 കിമി) പ്രവർത്തനം കൂടി അനുവദിക്കും. 2000 കിലോമീറ്റർ കൂടി അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കും. കൃഷിവികസനത്തിനു ജലസംഭരണത്തിനായി തടയണകളും ചെക്ക് ഡാമുകളും നിർമിക്കുന്നതിനുള്ള പിഎംകെഎസ്വൈ പദ്ധതി പ്രകാരം 304 കോടിയുടെ ശിപാർശയും കേന്ദ്രസർക്കാർ അംഗീകരിക്കുമെന്നും ബീരന്ദർ സിംഗുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ജലീൽ അറിയിച്ചു.


സ്മാർട്ട് സിറ്റി പദ്ധതിയിൽ തിരുവനന്തപുരത്തിനൊപ്പം കോഴിക്കോടുംകൂടി ഉൾപ്പെടുത്തണമെന്നും സംസ്‌ഥാന സർക്കാർ കേന്ദ്ര നഗരവികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. നിലവിൽ കൊച്ചിയാണ് കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സ്മാർട്ട് സിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ കൂടി ഉൾപ്പെടുത്താനുള്ള നടപടികൾ ഊർജിതമായി നടക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.