റാഗിംഗ്: കോളജിനെതിരേ കർശന നടപടിയെന്നു കൗൺസിൽ
Monday, June 27, 2016 12:42 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മലയാളി വിദ്യാർഥിനി റാഗിംഗിനിരയായ സംഭവത്തിൽ ഗുൽബർഗ അൽ–ഖമർ നഴ്സിംഗ് കോളജിനെതിരേ കർശന നടപടിയെന്ന് ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ. കോളജിന്റെ ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നും കോളജിന്റെ അംഗീകാരം റദ്ദാക്കുന്നത് അടക്കമുള്ളവ പരിഗണിക്കുന്നുണ്ടെന്നും പ്രസിഡന്റ് ടി. ദിലീപ് കുമാർ പറഞ്ഞു.

റാഗിംഗ് തടയാനുള്ള യുജിസി നിർദേശം കോളജ് നടപ്പാക്കിയിട്ടില്ല. നഴ്സിംഗ് കൗൺസിൽ നിയോഗിച്ച പ്രത്യേക കമ്മീഷൻ ഇന്നലെ കോളജിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കോളജിനെതിരേ നടപടി സ്വീകരിക്കുമെന്നും മൂന്നാഴ്ചയ്ക്കുശേഷം നടക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ദിലീപ് കുമാർ വ്യക്‌തമാക്കി.


ഒന്നാം വർഷ നഴ്സിംഗ് വിദ്യാർഥിയായ എടപ്പാൾ സ്വദേശി അശ്വതിയെ സീനിയർ വിദ്യാർഥികൾ ചേർന്ന് തറ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഫിനോയിൽ ദ്രാവകം കുടിപ്പിച്ചെന്നാണു കേസ്. അന്നനാളം വെന്തുരുകിയ നിലയിലാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോളജിലെ മലയാളി വിദ്യാർഥികളാണ് റാഗിംഗ് നടത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. എന്നാൽ, റാഗിംഗല്ലെന്നും ആത്മഹത്യാ ശ്രമമാണെന്നുമാണ് കോളജ് അധികൃതരുടെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.