കോൽക്കത്ത മുൻ ആർച്ച്ബിഷപ് ഹെൻറി ഡിസൂസ അന്തരിച്ചു
Monday, June 27, 2016 12:42 PM IST
കോൽക്കത്ത: മുൻ കോൽക്കത്ത അതിരൂപതാധ്യക്ഷൻ ഹെൻറി സെബാസ്റ്റ്യൻ ഡിസൂസ(90) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യമെന്ന് ആർച്ച്ബിഷപ് തോമസ് ഡിസൂസ അറിയിച്ചു. അതിരൂപതയുടെ ഭരണകാര്യങ്ങളിലും സമൂഹനന്മയ്ക്കുതകുന്ന പ്രവർത്തനങ്ങളിലും അനിതരസാധാരണ പാടവം പുലർത്തിയിരുന്ന ആർച്ച്ബിഷപ് ഡിസൂസ കോൽക്കത്തയിലെ ജനങ്ങളുടെ ആധ്യാത്മിക വളർച്ചയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വിചക്ഷണൻ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഖരഗ്പൂരിൽ സേക്രഡ് ഹാർട്ട് സ്കൂൾ സ്‌ഥാപിച്ചു. 1986–ൽ ചുമതലയേറ്റ അദ്ദേഹം 2002ലാണ് വിരമിച്ചത്.

ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ ജനറൽ സെക്രട്ടറിയും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്ന അദ്ദേഹം അന്താരാഷ്ട്രതലത്തിലും അറിയപ്പെട്ടിരുന്നു. കോൽക്കത്തയിൽ മദർ തെരേസ അന്തരിച്ച സമയത്ത് അദ്ദേഹമായിരുന്നു ആർച്ച്ബിഷപ്. അമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. സെപ്റ്റംബറിലാണ് അമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്നത്. കട്ടക്–ഭുവനേശ്വർ ബിഷപ്പായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


ആർച്ച് ബിഷപ്പിന്റെ ദേഹവിയോഗത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡെറക് ഒബ്രയൻ എംപി തുടങ്ങിയ നേതാക്കൾ ദുഃഖം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.