സുധീന്ദ്ര കുൽക്കർണിക്കെതിരേ വീണ്ടും ശിവസേന അതിക്രമം
Tuesday, June 28, 2016 12:15 PM IST
മുംബൈ: സന്നദ്ധ സംഘടനയായ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ ചെയർമാൻ സുധീന്ദ്ര കുൽക്കർണിയുടെ വാർത്താസമ്മേളനം ശിവസേനാ പ്രവർത്തകർ അലങ്കോലപ്പെടുത്തി.

പാക്കിസ്‌ഥാൻ വാർത്താ ഫോട്ടോഗ്രാഫർമാരെ ഇന്ത്യയിലേക്കു ക്ഷണിച്ചതിൽ ക്ഷുഭിതരായാണ് അവർ ക്ലബിലേക്ക് ഇരച്ചുകയറി ബഹളമുണ്ടാക്കിയത്. സേന സിന്ദാബാദ്, പാക്കിസ്‌ഥാൻ മൂർദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ആക്രമണശ്രമം. സുരക്ഷയ്ക്കായി പോലീസിനെ നിയോഗിച്ചിരുന്നെങ്കിലും സേനാ പ്രവർത്തകരെ ആദ്യം തടയാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട് അവരെ അറസ്റ്റ്ചെയ്തു നീക്കി. കുൽക്കർണി പാക്കിസ്‌ഥാന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സേനയുടെ ബഹളം.

ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സാംസ്കാരിക സഹകരണം ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി രണ്ടു രാജ്യങ്ങളിലെയും വാർത്താഫോട്ടോഗ്രാഫർമാർക്ക് അയൽരാജ്യം സന്ദർശിക്കാനുള്ള അവസരം ഒരുക്കിയതാണു ശിവസേനയെ ചൊടിപ്പിച്ചത്. പദ്ധതിയനുസരിച്ച് പാക്കിസ്‌ഥാനിൽനിന്നുള്ള ഫോട്ടോഗ്രാഫർമാർ ഇന്ത്യയിലും ഇന്ത്യയിൽനിന്നുള്ളവർ പാക്കിസ്‌ഥാനിലും സന്ദർശനം നടത്തും. പാക്കിസ്‌ഥാനിൽനിന്നുള്ള പത്രഫോട്ടോഗ്രാഫർമാർ ഈമാസം 20ന് എത്തി.

വാർത്താ സമ്മേളനത്തിന് അവരും എത്തിയിരുന്നു. ഇന്ത്യയിലെ സന്ദർശനത്തിനുശേഷം 30നു തിരിച്ചുപോകും. തസ്വീർ–ഇ–കറാച്ചി, തസ്വീർ–ഇ–മുംബൈ എന്ന പരസ്പര സന്ദർശന പദ്ധതിയെക്കുറിച്ചു വാർത്താ ലേഖകരോടു വിശദീകരിക്കാനാണു കുൽക്കർണി ദക്ഷിണമുംബൈ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിനെത്തിയത്.


ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ. അഡ്വാനിക്കുവേണ്ടി പ്രസംഗങ്ങൾ എഴുതിക്കൊടുത്തിരുന്ന കുൽക്കർണിക്കെതിരേയുള്ള ശിവസേനയുടെ രണ്ടാമത്തെ ആക്രമണമാണിത്.

കഴിഞ്ഞവർഷം പാക്കിസ്‌ഥാൻ മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മെഹമൂദ് കസൂരിയുടെ പുസ്തകം മുംബൈയിൽ പ്രകാശനം ചെയ്യാൻ ഒരുങ്ങിയപ്പോൾ ശിവസേന പ്രവർത്തകർ കുൽക്കർണിയുടെ മുഖത്തും ശരീരത്തും കരി ഓയിൽ ഒഴിച്ചിരുന്നു. കരി പുരണ്ട മുഖവുമായി അദ്ദേഹം പുസ്തകം പ്രകാശനം ചെയ്തു.

‘‘മൂംബൈ സംരക്ഷകരെന്നു കൊട്ടിഘോഷിക്കുന്ന ചിലരുടെ തറവാട്ടു സ്വത്തല്ല ഈ നഗരം. രാജ്യതാത്പര്യം കാത്തുസൂക്ഷിക്കുന്നുവെന്നാണു വീമ്പു പറയുന്നത്. ഞങ്ങളും തികഞ്ഞ രാജ്യസ്നേഹികളാണ്. ഭീകരതയേയും മതതീവ്രവാദത്തേയും നിശിതമായി അപലപിക്കുന്നു.

പക്ഷേ, ഇന്ത്യ–പാക്കിസ്‌ഥാൻ സൗഹൃദം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളെ തടയാൻ ശ്രമിക്കുന്നവരുടെ മുന്നിൽ തലകുനിക്കുന്ന പ്രശ്നമില്ല. പ്രവർത്തനങ്ങൾ തുടരുകതന്നെ ചെയ്യും’’– അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനം കഴിഞ്ഞു പുറത്തിറങ്ങി കാറിൽ കയറിയപ്പോൾ ചിലർ കാർ തകർക്കാൻ ശ്രമിച്ചതായും കുൽക്കർണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.