മഅദനിയെ കേരളത്തിൽ പോകാൻ അനുവദിക്കരുതെന്നു കർണാടക
മഅദനിയെ കേരളത്തിൽ പോകാൻ അനുവദിക്കരുതെന്നു കർണാടക
Tuesday, June 28, 2016 12:27 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ അബ്ദുൾ നാസർ മഅദനിയെ കേരളത്തിൽ പോകാൻ അനുവദിക്കരുതെന്നു കർണാടക സർക്കാർ. മഅദനി വിചാരണ വൈകിക്കാൻ ശ്രമിക്കുകയാണെന്നും സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ കർണാടക സർക്കാർ ആരോപിച്ചു. ചികിത്സയ്ക്കായി കേരളത്തിൽ പോകണമെന്ന മഅദനിയുടെ അപേക്ഷയിലാണു കർണാടക മറുപടി സത്യവാങ്മൂലം നൽകിയത്.

കേരളത്തിൽ പോകാൻ അനുമതി നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇദ്ദേഹത്തിനെതിരേയുള്ള ഒൻപതു കേസുകളിൽ സാക്ഷികളും അന്വേഷണസംഘവും പലതായതിനാൽ വിചാരണ ഏകീകരിക്കണമെന്ന ആവശ്യവും അംഗീകരിക്കാനാവില്ല. ഇക്കാര്യം പരിഗണിച്ച വിചാരണക്കോടതി ആവശ്യം തള്ളിക്കളഞ്ഞിട്ടുണ്ട്. അതിനെതിരേ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയതു നിലനിൽക്കുന്നതല്ല. വിചാരണക്കോടതിയുടെ തീരുമാനത്തിനെതിരേ നേരിട്ടു സുപ്രീംകോടതിയെയല്ല, ഹൈക്കോടതിയെയാണു സമീപിക്കേണ്ടിയിരുന്നത്.


എൻഐഎ അന്വേഷിക്കുന്ന കേസുകളിൽ നിലപാട് സ്വീകരിക്കാൻ സംസ്‌ഥാന സർക്കാരിനാവില്ലെന്നും സത്യവാങ്മൂലത്തിൽ കർണാടക വ്യക്‌തമാക്കുന്നു. മഅദനിയുടെ കേസ് പരിഗണിച്ചു കൊണ്ടിരുന്ന രണ്ടംഗ ബെഞ്ചിലെ ജസ്റ്റീസ് ജെ. ചെലമേശ്വർ പിന്മാറിയതിനെത്തുടർന്ന് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.