ഇന്ത്യക്കെതിരേ ചൈന പ്രചാരണ പോരാട്ടത്തിൽ
ഇന്ത്യക്കെതിരേ ചൈന പ്രചാരണ പോരാട്ടത്തിൽ
Tuesday, June 28, 2016 12:27 PM IST
ന്യൂഡൽഹി/ബെയ്ജിംഗ്: ഇന്ത്യക്കെതിരായ പ്രചാരണപോരാട്ടം ചൈന തുടരുന്നു. ചൈനയുമായി പലതലത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പറഞ്ഞതിനെ ചൈന ഇന്നലെ ഏറ്റുപിടിച്ചു. ഉഭയകക്ഷി പ്രശ്നങ്ങൾ സംബന്ധിച്ചു ചർച്ച തുടർന്നു സ്വീകാര്യമായ പരിഹാരം കണ്ടെത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നു ചൈന പ്രതികരിച്ചു.

ആണവദാതാക്കളുടെ സംഘ(എൻഎസ്ജി)ത്തിൽ ഇന്ത്യൻ പ്രവേശനത്തെ തങ്ങൾ എതിർത്തതിനെ ചൈന ഇന്നലെയും ന്യായീകരിച്ചു. തങ്ങൾ മാത്രമല്ല, മൊത്തം പത്തു രാജ്യങ്ങൾ ഇന്ത്യയുടെ അംഗത്വത്തിന് എതിരായിരുന്നെന്നു ചൈന പരസ്യപ്പെടുത്തുകയും ചെയ്തു. ചൈനയൊഴികെ എല്ലാവരും ഇന്ത്യയെ പിന്താങ്ങും എന്ന അവകാശവാദവുമായാണ് ഇന്ത്യ സീയൂളിൽ ചർച്ചയ്ക്കു ചെന്നത്. പക്ഷേ, അപ്രതീക്ഷിതമായി എതിർപ്പുകാരുടെ എണ്ണം കൂടി.


ചൈനയോടു താരതമ്യപ്പെടുത്തുമ്പോൾ ചെറിയ സാമ്പത്തികശക്‌തിയായ ഇന്ത്യയെ പാശ്ചാത്യർ അമിതമായി താലോലിക്കുകയാണെന്നു ചൈനീസ് സർക്കാർ പ്രസിദ്ധീകരണമായ ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തി. ഇന്ത്യക്ക് മിസൈൽ ടെക്നോളജി കൺട്രോൾ റെഷീ(എംടിസിആർ)മിൽ അംഗത്വം നൽകിയതിനെ അവർ വിമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.