നാഗാ കലാപനേതാവ് സ്വൂ അന്തരിച്ചു
നാഗാ കലാപനേതാവ് സ്വൂ അന്തരിച്ചു
Tuesday, June 28, 2016 12:27 PM IST
ന്യൂഡൽഹി: മൂന്നു ദശകത്തിലേറെയായി നാഗാ കലാപകാരികളെ നയിച്ചുവന്ന ഇസാക് ചിഷി സ്വൂ (87) അന്തരിച്ചു. നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് –ഇസാക്–മുയിവ (എൻഎസ്സിഎൻ–ഐഎം) എന്ന വിഘടനവാദി പ്രസ്‌ഥാനത്തിന്റെ ചെയർമാനായിരുന്നു അദ്ദേഹം. ഒരുവർഷമായി ഇവിടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വടക്കുകിഴക്കൻ മേഖലയിൽ നാഗ വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളെയെല്ലാം ഉൾപ്പെടുത്തി നാഗലിം എന്നൊരു രാജ്യം സ്‌ഥാപിക്കുകയാണ് പ്രസ്‌ഥാനം ലക്ഷ്യമിട്ടത്. 1980–ൽ ഇതു രൂപീകരിക്കുമ്പോൾ സ്വൂവിനൊപ്പം തുയിംഗാലെംഗ് മുയിവ, എസ്.എസ്. ഖാപ്ലാംഗ് എന്നിവർ ഉണ്ടായിരുന്നു. നാഗാ നാഷണൽ കൗൺസിൽ എന്ന പ്രസ്‌ഥാനം കേന്ദ്രഗവൺമെന്റുമായി ഉണ്ടാക്കിയ ഷില്ലോംഗ് ഉടമ്പടിയെ നിരാകരിക്കുന്നവരായിരുന്നു മൂവരും. പിന്നീട് ഖാപ്ലാംഗ് ഇതിൽനിന്നു പിരിഞ്ഞ് എൻഎസ്സിഎൻകെ ഉണ്ടാക്കി. ഇപ്പോൾ മ്യാൻമറിലെ വനത്തിലാണ് ചൈനീസ് സഹായം ഉള്ള ഖാപ്ലാംഗ് പക്ഷം. ഇക്കൂട്ടരുടെ ഒരു താവളമാണ് ഒരു വർഷം മുൻപ് ഇന്ത്യൻ സേന അതിർത്തി കടന്നുചെന്നു തകർത്തത്.

സ്വൂ 1950–കളിൽ എ.സെഡ്. ഫിസോയുടെ നേതൃത്വത്തിലുള്ള നാഗാ നാഷണൽ കൗൺസിലിൽ (എൻഎൻസി) ചേർന്ന് ഒളിപ്പോരാളിയായി പ്രവർത്തനം തുടങ്ങിയതാണ്. പിന്നീട് എൻഎൻസിയുടെ ‘വിദേശകാര്യ’മന്ത്രിയായി. സ്വതന്ത്ര നാഗരാജ്യമായിരുന്നു എൻഎൻസിയുടെ ലക്ഷ്യം. ഫിസോ ഇംഗ്ലണ്ടിലേക്കു പോയതോടെ എൻഎൻസി ദുർബലമായി. ആ സാഹചര്യത്തിലാണ് 1975–ൽ ഷില്ലോംഗ് ഉടമ്പടി ഉണ്ടായത്. ഇതു കീഴടങ്ങലാണെന്നു വാദിച്ചാണ് സ്വൂവും മുയിവയും ഖാപ്ലാംഗും പുതിയ പ്രസ്‌ഥാനമുണ്ടാക്കിയത്.


1990–കൾ ആയപ്പോഴേക്കും തങ്ങളുടെ സ്വാധീനമേഖലകളിൽ സമാന്തര നികുതിപിരിവും ഭീഷണിപ്പെടുത്തിയുള്ള പണപ്പിരിവും ഒക്കെയായി എൻഎസ്സിഎനിന്റെ പ്രവർത്തനം.

കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്രസർക്കാരുമായി എൻഎസ്സിഎൻ ധാരണയിലെത്തി. കരാറിലേക്കു നയിക്കാവുന്ന വിശാല ധാരണാപത്രം ഡൽഹിയിൽ ഒപ്പുവച്ചു. പത്തുമാസമായിട്ടും അതിന്മേൽ പുരോഗതി ഉണ്ടായിട്ടില്ല. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നാഗാ കാര്യങ്ങൾക്കുള്ള പ്രത്യേക ഓഫീസർ ആർ.എൻ. രവിയുമായിരുന്നു ഈ ധാരണയിലേക്കു നയിച്ച ചർച്ചകൾ നയിച്ചത്. 1997–നു ശേഷം 80 വട്ടം കേന്ദ്രവും എൻഎസ്സിഎനും ചർച്ച നടത്തിയിരുന്നു.

സ്വൂവും മുയിവയും കൂടി നയിച്ച പ്രസ്‌ഥാനവും ഖാപ്ലാംഗിന്റെ പ്രസ്‌ഥാനവും ഇപ്പോഴും നാഗാലാൻഡിലും മറ്റ് അതിർത്തിസംസ്‌ഥാനങ്ങളിലും പ്രവർത്തനം തുടരുകയാണ്. സ്വതന്ത്രരാജ്യ ആവശ്യം ഉപേക്ഷിക്കാനോ ആയുധംവച്ചു കീഴടങ്ങാനോ അവർ തയാറായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.