കർഷകർക്കും സർക്കാരുകളുടെ സഹായമുണ്ടെന്നു ധനമന്ത്രി
കർഷകർക്കും സർക്കാരുകളുടെ സഹായമുണ്ടെന്നു ധനമന്ത്രി
Wednesday, June 29, 2016 12:25 PM IST
<ആ>പ്രത്യേക ലേഖകൻ

ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്കു ശമ്പളം കൊടുക്കുന്നതോടൊപ്പം കർഷകർക്കു സബ്സിഡികൾ അടക്കം കേന്ദ്ര– സംസ്‌ഥാന സർക്കാരുകൾ സഹായം ചെയ്യുന്നുണ്ടെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. എന്നാൽ, രാജ്യത്തിന്റെ സമ്പത്ത് സർക്കാർ ജീവനക്കാർക്കു മാത്രമല്ല, കർഷകരും സാധാരണക്കാരും പാവപ്പെട്ടവരും അടക്കമുള്ളവർക്കുകൂടി തുല്യമായാണോ വിഭജിക്കപ്പെടുന്നതെന്നു പഠിക്കാൻ കമ്മീഷനെ നിയമിക്കുമോയെന്ന ചോദ്യത്തിനു ധനമന്ത്രി ഉത്തരം പറയാതെ തലയൂരി.

കർഷകരും മറ്റും രാജ്യത്തിനു നൽകുന്ന സംഭാവനകൾ വിലപ്പെട്ടതാണ്. അതിനാൽ കർഷകരെ സഹായിക്കാൻ കേന്ദ്രവും വിവിധ സംസ്‌ഥാന സർക്കാരുകളും നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. രാസവളം സബ്സിഡി അടക്കമുള്ളവ നൽകുന്നതിലൂടെ രാജ്യത്തിന്റെ സമ്പത്ത് കർഷകർക്കു കൂടി നൽകുകയാണു ചെയ്യുന്നത്– ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷം സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവിനുള്ള ഏഴാം ശമ്പളക്കമ്മീഷൻ ശിപാർശകൾ നടപ്പിലാക്കുന്ന കാര്യം വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിലായിരുന്നു ഇത്.


സർക്കാർ ജീവനക്കാർക്കു ശമ്പളം വാരിക്കോരി കൊടുക്കുമ്പോൾ രാജ്യത്തിനായി വിയർപ്പൊഴുക്കുകയും സമ്പദ്ഘടനയുടെ വളർച്ചയ്ക്കു വലിയ സംഭാവന ചെയ്യുകയും ചെയ്യുന്ന രാജ്യത്തെ കോടിക്കണക്കിനു കർഷകർ അടക്കമുള്ളവർക്കു രാജ്യത്തിന്റെ സമ്പത്ത് തുല്യമായി വീതിക്കപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ വിശദീകരണം. രാജ്യത്തിന്റെ സമ്പത്ത് അർഹരായ മുഴുവൻ ജനങ്ങൾക്കും ന്യായമായും തുല്യതയോടെ വീതിക്കപ്പെടുന്നുണ്ടോ എന്നു പഠിക്കാൻ കേന്ദ്രസർക്കാർ കമ്മീഷനെ നിയോഗിക്കുമോയെന്ന ചോദ്യത്തിനു മാത്രം ധനമന്ത്രി ഉത്തരം നൽകിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.