ഈസ്റ്റാംബൂൾ: ഹൃതിക് റോഷനും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു
ഈസ്റ്റാംബൂൾ: ഹൃതിക് റോഷനും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു
Wednesday, June 29, 2016 1:11 PM IST
മുംബൈ: ഈസ്റ്റാംബൂൾ വിമാനത്താവളത്തിൽ 41 പേരുടെ മരണത്തിനിടയാക്കിയ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരാക്രമണത്തിൽനിന്ന് ബോളിവുഡ് താരം ഹൃതിക്റോഷനും രണ്ട് ആൺമക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മക്കളായ ഋഹാനും ഋധാനും ഒപ്പം ആഫ്രിക്കയിൽ അവധിയാഘോഷം കഴിഞ്ഞെത്തിയ ഹൃതികിന് ഈസ്റ്റാംബൂളിൽനിന്നുള്ള കണക്റ്റിംഗ് ഫ്ളൈറ്റ് ലഭിച്ചില്ല. വൈകിയെത്തിയതിനാലാണ് ഈസ്റ്റാംബൂളിൽനിന്നു നാട്ടിലേക്കുള്ള കണക്റ്റിംഗ് ഫ്ളൈറ്റ് ഹൃതിക്കിനും മക്കൾക്കും ലഭിക്കാതിരുന്നത്. തുടർന്നു മറ്റൊരു വിമാനത്തിൽ ഇക്കോണമി ക്ലാസ് ടിക്കറ്റ് എടുത്ത ഇവർ ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. വിമാനത്താവളത്തിൽ ചാവേർ ആക്രമണം നടക്കുന്നതിനു മുമ്പായിരുന്നു ഇത്.


കണക്റ്റിംഗ് ഫ്ളൈറ്റ് ഒരു ദിവസം കഴിഞ്ഞേയുള്ളൂ എന്നറിഞ്ഞതോടെയാണ് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. വിമാനത്താവളത്തിലെ ജീവനക്കാരുടെ കൃപയാലാണ് അതു സാധിച്ചതെന്നും ഇന്ത്യയിലെത്തിയതിനു പിന്നാലെ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിരപരാധികൾ മതത്തിന്റെ പേരിൽ കൊല്ലപ്പെടുന്നതു ഞെട്ടിക്കുന്നുവെന്നും ഭീകരാക്രമണത്തെ സൂചിപ്പിച്ച് ബോളിവുഡ് താരം കൂട്ടിച്ചേർത്തു.

ഹൃതിക്കിനു പിന്നാലെ ബോളിവുഡ് താരങ്ങളായ അനിൽ കപുർ, അനുപം ഖേർ, ശേഖർ കപുർ, അഭിഷേക് ബച്ചൻ, അർജുൻ കപുർ തുടങ്ങിയവരും ഭീകരാക്രമണത്തെ അപലപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.