കെ.ജി. സുബ്രഹ്മണ്യനു യാത്രാമൊഴി
കെ.ജി. സുബ്രഹ്മണ്യനു യാത്രാമൊഴി
Thursday, June 30, 2016 12:16 PM IST
വഡോദര(ഗുജറാത്ത്): കേരള മണ്ണിൽനിന്നു ഗുജറാത്തിലെത്തി ഭാരതീയ ചിത്ര–ശില്പ കലാരംഗത്ത് തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ച ചിത്രകലാ ആചാര്യൻ കെ. ജി. സുബ്രഹ്മണ്യന് രാജ്യം യാത്രാമൊഴിയേകി. ഗുജറാത്തിലെ വഡോദരയിൽ ഏകമകൾ ഉമയ്ക്കൊപ്പം താമസിച്ചുവന്നിരുന്ന അദ്ദേഹം ഇവിടുത്തെ ഭായ്ലാൽ അമിൻ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണു മരിച്ചത്. 92 വയസായിരുന്നു. സ്വവസതിയായ വഡോദര നഗരപരിധിയിലുള്ള സമയിലെ ധനുഷ് അപ്പാർട്ട്മെന്റിൽ ഇന്നലെ രാവിലെ ഒൻപതുമുതൽ 11 വരെ മൃതദേഹം പൊതുദർശനത്തിനു വച്ചു. തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് മൃതദേഹം നഗരത്തിലെ വടിവാഡി ശ്മശാനത്തിൽ സംസ്കരിച്ചു. ചിത്രകലാരംഗത്തെ സഹപ്രവർത്തകരും ശിഷ്യരുമടക്കം നൂറുകണക്കിനു പേർ തങ്ങളുടെ പ്രിയപ്പെട്ട കെജിഎസിന് അന്ത്യയാത്രാമൊഴിയേകാൻ എത്തിയിരുന്നു.

ആധുനിക ഭാരതീയ ചിത്രകലയുടെ ആചാര്യന്മാരിലൊരാളായി അറിയപ്പെടുന്ന സുബ്രഹ്മണ്യൻ പാരമ്പര്യത്തിലൂന്നി ഭാരതീയ ചിത്രകലയെ നവീകരിച്ചവരിൽ പ്രമുഖനുമാണ്. സവിശേഷ സംഭാവനകൾ മാനിച്ച് അദ്ദേഹത്തിന് രാജ്യം 1975ൽ പദ്മശ്രീ, 2006ൽ പദ്മഭൂഷൺ, 2012ൽ പദ്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ പ്രഥമ രവീന്ദ്രവർമ മാനവീയം പുരസ്കാരവും കെജിഎസിനായിരുന്നു.

നീണ്ട 65 വർഷത്തെ ചിത്രകലാസപര്യയിൽ ലോകമെങ്ങുമായി നൂറുകണക്കിനു ശിഷ്യരെ അദ്ദേഹത്തിനു ലഭിച്ചു. 1951ൽ ബറോഡ എംഎസ് സർവകലാശാലയിലെ ഫൈനാർട്സ് വിഭാഗത്തിൽ ഫാക്കൽറ്റിഅംഗമായി. 2004 വരെ ബറോഡയിലും വിശ്വഭാരതിയിലും ഡീനും പ്രഫസറുമായിരുന്നു. വിവിധ കോളജുകളിൽ ചിത്രകലാ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ സുശീല ജസ്റ കലാകാരിയും സാമൂഹികപ്രവർത്തകയുമായിരുന്നു.


തമിഴ് ബ്രാഹ്മണനായിരുന്ന പിതാവ് മാഹിയിലെ ഫ്രഞ്ച് ലബുർദാനെ കോളജിന്റെ പ്രിൻസിപ്പലായിരുന്നു. കൂത്തുപറമ്പിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. 1924ൽ കൂത്തുപറമ്പിൽ ജനിച്ച സുബ്രഹ്മണ്യം സ്കൂൾവിദ്യാഭ്യാസം നേടിയത് മാഹിയിൽനിന്നായിരുന്നു.

മദ്രാസ് പ്രസിഡൻസി കോളജിൽ പഠിക്കുമ്പോൾ കോൺഗ്രസിലെ സോഷ്യലിസ്റ്റ്പ്രസ്‌ഥാനവുമായി ബന്ധപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരകാലത്ത് സെക്രട്ടേറിയറ്റ് വളഞ്ഞപ്പോൾ അറസ്റ്റിലായി ആറുമാസം ജയിൽവാസമനുഭവിച്ചു.

1944ൽ കോൽക്കത്തയിലെ ശാന്തിനികേതനിലെത്തിയത് സുബ്രഹ്മണ്യത്തിന്റെ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു. പ്രശസ്ത ചിത്രകാരന്മാരായിരുന്ന നന്ദലാൽ ബോസിന്റെയും റാംകിങ്കറിന്റെയും ബെനോദ് ബിഹാരിയുടെയും കീഴിലായിരുന്നു ചിത്രകലാ പഠനം. ഈ വിശ്രുത കലാകാരന്മാർക്കൊപ്പം ഭാരതീയ ചിത്രകലയുടെ ആധുനികതയിലേക്കുള്ള കുതിപ്പിൽ നിർണായക പങ്കുവഹിക്കാൻ സുബ്രഹ്മണ്യനായി. ലോകത്തിലെ ഒട്ടുമിക്ക ആർട്ട്ഗാലറികളിലും ഈ അതുല്യ കലാകാരന്റെ സൃഷ്‌ടികൾ ഇടം നേടിയിട്ടുണ്ട്. ലോകത്തിലെ വിവിധ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രഫസറുമായിരുന്നു. പശ്ചിമബംഗാൾ, മഹാരാഷ്ര്‌ട സർക്കാരുകളുടെ വിവിധ പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽനിന്നും ഡോക്ടറേറ്റും ലഭിച്ചു. കാളിദാസ സമ്മാനം, രവിവർമപുരസ്കാരം, ലളിത കലാ അക്കാദമിയുടെ പുരസ്കാരങ്ങൾ തുടങ്ങി നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. നല്ലൊരു എഴുത്തുകാരൻകൂടിയായിരുന്നു സുബ്രഹ്മണ്യൻ. ചിത്രകലയുമായി ബന്ധപ്പെട്ടും അല്ലാതെയും അൻപതോളം പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.