സ്വവർഗാനുരാഗികൾ മൂന്നാം ലിംഗ വിഭാഗമല്ലെന്നു സുപ്രീംകോടതി
സ്വവർഗാനുരാഗികൾ മൂന്നാം ലിംഗ വിഭാഗമല്ലെന്നു സുപ്രീംകോടതി
Thursday, June 30, 2016 12:27 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്വവർഗാനുരാഗികളെ മൂന്നാം ലിംഗക്കാരുടെ വിഭാഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്നു സുപ്രീം കോടതി. സ്വവർഗാനുരാഗികളെ സ്ത്രീയും പുരുഷനുമല്ലാത്ത ഭിന്നലിംഗമായി കണക്കാക്കാനാവില്ല. ഭിന്നലിംഗക്കാർക്കു സംവരണം അടക്കമുള്ള ആനുകുല്യങ്ങൾ നൽകണമെന്ന 2014 ഏപ്രിൽ 15ലെ ഉത്തരവിൽ ഭേദഗതി കൊണ്ടുവരാനാവില്ലെന്നും ജസ്റ്റീസുമാരായ എ.കെ. സിക്രി, എൻ.വി. രമണ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. സുപ്രീം കോടതിയുടെ ഉത്തരവിൽ വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജി കോടതി തള്ളി.

സ്ത്രീയും പുരുഷനുമല്ലാത്തവരെ മൂന്നാം ലിംഗമായി പരിഗണിക്കണമെന്നു വ്യക്‌തമാക്കിയാണു സുപ്രീം കോടതി 2014 ഏപ്രിൽ 15നു ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരക്കാർക്ക് ഭരണഘടന നൽകുന്ന എല്ലാ അവകാശങ്ങളും ഉറപ്പാക്കണം. സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിനും ഇവർക്ക് സംവരണം ഏർപ്പെടുത്തണമെന്നും രാജ്യത്തെ പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള വോട്ടർ ഐഡന്റിറ്റി കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ മൂന്നാം ലിംഗം എന്ന രീതിയിൽ അനുവദിക്കണമെന്നും ജസ്റ്റീസുമാരായ കെ.എസ്. രാധാകൃഷ്ണൻ, എ.കെ. സിക്രി എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരുന്നു.


എല്ലാ പൗരന്മാർക്കും സ്വകാര്യതയും ആത്മാഭിമാനവും മൗലികാവകാശങ്ങളും ഭരണഘടന വാഗ്ദാനം ചെയ്യുന്നതാണ്. ലൈംഗിക ന്യൂനപക്ഷങ്ങളായ ഇത്തരക്കാരോട് വിവേചനം കാണിക്കരുത്. സ്വത്തവകാശം, വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ തുടങ്ങി ഒരു കാര്യങ്ങളിലും വിവേചനം പാടില്ല. ഇവർക്കുവേണ്ടി സാമൂഹ്യ ബോധവത്കരണ പരിപാടികൾ കൊണ്ടുവരാൻ സർക്കാരുകൾ തയാറാകണം. ഉത്തരവിൽ ഇവരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ നിയമ നിർമാണം നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.

എന്നാൽ, ഈ ഉത്തരവ് നടപ്പിലാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ചില സന്നദ്ധ സംഘടനകൾ കേസിൽ കക്ഷി ചേരാൻ ഹർജി നൽകിയിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.