കോടതിയിൽ ഹാജരാക്കിയ ഐഎസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു
Friday, July 1, 2016 12:43 PM IST
ഹൈദരാബാദ്: ഇന്ത്യൻ നഗരങ്ങളിൽ ബോംബാക്രമണം നടത്താൻ പദ്ധതി ആസൂത്രണം ചെയ്ത അഞ്ച് ഐഎസ് പ്രവർത്തകരെ മെട്രോപോളിറ്റൻ സെഷൻസ് കോടതി 12 ദിവസത്തേക്ക് റിമാർഡ്ചെയ്തു. ഇവരെ കൂടുതൽ ചോദ്യംചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിൽ വാങ്ങി.

ഹൈദരാബാദ് പോലീസിന്റെ സഹകരണത്തോടെ കഴിഞ്ഞബുധനാഴ്ചയാണ് ഇവരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ്ചെയ്തത്. പത്ത് സ്‌ഥലങ്ങളിൽ നടത്തിയ സംയുക്‌ത മിന്നൽപരിശോധനയിൽ ഒരു ഇലകട്രോണിക്സ് എൻജിനിയർ ഉൾപ്പെടെ ആറ് പേരെക്കൂടി കസ്റ്റഡിയിലെടുത്തിരുന്നു. അവരെ കഴിഞ്ഞദിവസം 14 ദിവസത്തേക്ക് കോടതി ജൂഡീഷൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

ഇന്ത്യയിൽ ആക്രമണം നടത്തുന്നതിനുള്ള നിർദേശങ്ങൾ പശ്ചിമേഷ്യ ആസ്‌ഥാനമായ ഭീകരസംഘടനയിൽനിന്നാണു ലഭിക്കുന്നതെന്നു ദേശീയ അന്വേഷണ ഏജൻസി പറഞ്ഞു. പ്രാർഥനാ കേന്ദ്രങ്ങൾ, തന്ത്രപ്രധാനമായ സ്‌ഥാപനങ്ങൾ, സർക്കാർ മന്ദിരങ്ങൾ തുടങ്ങി ഇന്ത്യയിൽ വിവിധ സ്‌ഥലങ്ങളിൽ ബോംബ് ആക്രമണം നടത്താനായിരുന്നു പദ്ധതി.


ആക്രമണത്തിനായി കരുതിയിരുന്ന സ്ഫോടകവസ്തുക്കൾക്കു പുറമേ, രണ്ട് സെമി ഓട്ടോമാറ്റിക് തോക്കുകൾ, തിരകൾ, ടെലസ്കോപ്പിക് സംവിധാനമുള്ള എയർഗൺ, വെടിവയ്പ് പരിശീനത്തിനുള്ള ടാർഗറ്റ് ബോർഡുകൾ, നിരവധി ഡിജിറ്റർൽഉപകരണങ്ങൾ, ആറ് ലാപ് ടോപുകൾ, ടാബുകൾ, 40 മൊബൈൽ ഫോണുകൾ, 32 സിംകാർഡുകൾ, എന്നിവ ഇവരിൽനിന്നു പിടിച്ചെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.