വസ്ത്രവ്യാപാര ശാലകളിലെ സ്ത്രീജീവനക്കാരുടെ ദുരവസ്‌ഥ: കേരളത്തിനു നോട്ടീസ്
വസ്ത്രവ്യാപാര ശാലകളിലെ സ്ത്രീജീവനക്കാരുടെ ദുരവസ്‌ഥ: കേരളത്തിനു നോട്ടീസ്
Friday, July 1, 2016 1:01 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തിലെ വസ്ത്രവ്യാപാരശാലകളിലെ സ്ത്രീതൊഴിലാളികളുടെ ദുരവസ്‌ഥയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. 1960ലെ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ അടിസ്‌ഥാന മനുഷ്യാവകാശങ്ങൾ പോലുമില്ലെന്നും കമ്മീഷൻ കുറ്റപ്പെടുത്തുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേരളത്തിനു നോട്ടീസ് അയച്ചു.

ഇരിക്കാനും മൂത്രമൊഴിക്കാനുമുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടുന്ന തൊഴിൽ സാഹചര്യങ്ങളാണ് കേരളത്തിലെ ടെക്സ്റ്റൈൽ, റീട്ടെയിൽ മേഖലകളിൽ നിലനിൽക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. പത്തു മണിക്കൂറിലേറെ നീണ്ടു നിൽക്കുന്നതാണു ജോലി.

സംസ്‌ഥാനത്തെ വനിതകളുടെ ആരോഗ്യത്തിനും അന്തസിനുമുള്ള അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്നും കമ്മീഷൻ വ്യക്‌തമാക്കി. ഇവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ സംസ്‌ഥാന സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും ചീഫ് സെക്രട്ടറിക്കും തൊഴിൽ വകുപ്പിനും അയച്ചു നോട്ടീസിൽ കമ്മീഷൻ നിർദേശിക്കുന്നു.


ലഭിച്ച പരാതികളിൽ നിന്നു കേരളത്തിലെ ഒട്ടു മിക്ക ടെക്സ്റ്റൈൽ ഷോപ്പുകളിലും വനിത ജീവനക്കാർക്കു പ്രാഥമിക ആവശ്യങ്ങൾക്കുള്ള അടിസ്‌ഥാന സൗകര്യങ്ങൾ പോലുമില്ലെന്നാണ് മനസിലാകുന്നത്. പല സ്‌ഥാപനങ്ങളിലും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോകണമെങ്കിൽ മാനേജരുടെ അനുമതി വേണമെന്ന ദുരവസ്‌ഥയാണുള്ളത്.

ദീർഘ നേരം നിന്നു കൊണ്ടു ജോലി ചെയ്യുന്ന വനിതകൾക്കു വെരിക്കോസ് വെയിൻ ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. 2014ൽ ഈ അവകാശ നിഷേധത്തിനെതിരേ വ്യാപക സമരങ്ങൾ ഉണ്ടാകുകയും സർക്കാർ 1960ലെ നിയമത്തിൽ ഭേദഗതി കൊണ്ടു വരികയും ചെയ്തെങ്കിലും അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണം ഇനിയും ഉറപ്പു വരുത്താനായിട്ടില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. സംസ്‌ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി ടെക്സ്റ്റൈൽ ഷോപ്പുകളിലെ ജീവനക്കാരികളുടെ തൊഴിൽ സാഹചര്യങ്ങളിൽ ഒരു മാറ്റവുമുണ്ടാക്കിയില്ലെന്നും കമ്മീഷൻ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.