പ്രധാനമന്ത്രിക്കായി 1,400 കോടിയുടെ രണ്ടു ബോയിംഗ് വിമാനങ്ങൾ
പ്രധാനമന്ത്രിക്കായി 1,400 കോടിയുടെ രണ്ടു ബോയിംഗ് വിമാനങ്ങൾ
Friday, July 1, 2016 1:01 PM IST
<ആ>ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി ശതകോടികൾ വിലയുള്ള പുതിയ വിമാനം വാങ്ങുന്നു. എയർ ഇന്ത്യയുടെ 400 സീറ്റുള്ള കൂറ്റൻ ഇരട്ടനില വിമാനത്തിനു പകരം 1,400 കോടി രൂപ മുടക്കി രണ്ടു ബോയിംഗ്–777 വിമാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാരിന്റെ പ്രതിരോധ സമ്പാദന (ഡിഫൻസ് അക്വിസിഷൻ) കൗൺസിൽ തീരുമാനിച്ചു.

അമേരിക്കൻ പ്രസിഡന്റിന്റെ എയർ ഫോഴ്സ് വൺ വിമാനത്തോടു കിടപിടിക്കുന്നതാകും ഈ വിമാനങ്ങൾ. മിസൈലുകൾ ഏൽക്കാത്ത, അത്യാധുനിക ഇലക്ട്രോണിക് നിയന്ത്രണ സന്നാഹങ്ങളും യുദ്ധക്കോപ്പുകളുമുണ്ടാകും.

പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണു രണ്ടു വിമാനങ്ങൾ വാങ്ങാൻ തത്ത്വത്തിൽ തീരുമാനിച്ചത്. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകൾക്കു വേണ്ടി മാത്രമാകും പുതിയ എയർ ഫോഴ്സ്വൺ വിമാനങ്ങൾ വാങ്ങുന്നത്. ആയിരം കോടിയിലേറെ രൂപ ചെലവു വരുന്നതിനാൽ സുരക്ഷാകാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ അംഗീകാരത്തിനു ശേഷമാകും കരാർ ഉറപ്പിക്കുന്നത്.


അടിയന്തര ഘട്ടങ്ങളിൽ വിവിഐപിയെ രക്ഷപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ വിമാനത്തിലുണ്ടാകും. 17,594 കിലോമീറ്റർ വരെ നിർത്താതെ സഞ്ചരിക്കാനും ശേഷിയുണ്ടാകും. നിലവിലെ എയർ ഇന്ത്യ ഒന്ന് വിമാനത്തിന് അമേരിക്ക അടക്കമുള്ള ദീർഘദൂര യാത്രകൾക്കിടയിൽ ജർമനിയിലോ മറ്റോ ഇറങ്ങി ഇന്ധനം നിറയ്ക്കണം. വിമാനത്തിൽ 314 മുതൽ 451 വരെ യാത്രക്കാരെ കയറ്റാനാകും.

ലോകത്തിലെ ഏറ്റവും വിസ്താരമുള്ളതും രണ്ട് എൻജിനുകളുള്ളതുമായ പുതിയ ബോയിംഗ് 777 വിമാനത്തിൽ 314 മുതൽ 451 വരെ യാത്രക്കാരെ കയറ്റാനാകും. ഇപ്പോഴത്തേതു പോലെ തുടർന്നും എയർ ഇന്ത്യ തന്നെയാകും വിമാനത്തിലെ സേവനങ്ങൾ നടത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.