സ്വാമി മോദിക്കെതിരേ
സ്വാമി മോദിക്കെതിരേ
Friday, July 1, 2016 1:01 PM IST
ന്യൂഡൽഹി: സുബ്രഹ്മണ്യൻ സ്വാമി അടങ്ങുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ആക്രമിച്ചാണ് ഇന്നലെ സ്വാമി വീണ്ടും വിവാദം തുടങ്ങിയത്. സാമ്പത്തികവളർച്ച സംബന്ധിച്ച കണക്കുകൾ തെറ്റാണെന്നു സ്വാമി തുറന്നടിച്ചു.

റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജനെയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ വിശ്വസ്തരെയും സ്വാമി ആക്രമിച്ചശേഷം മോദി പേരുപറയാതെ സ്വാമിയെ താക്കീതു ചെയ്തിരുന്നു. മൂന്നു ദിവസം അടങ്ങിയിരുന്നിട്ട് സ്വാമി ഇന്നലെ ട്വിറ്ററിൽ പുതിയ ആക്രമണം തുടങ്ങി. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കുകളെയാണ് സ്വാമി ഇന്നലെ പിടിച്ചത്.

‘‘ഇൻഡെക്സ് നമ്പറുകൾ സംബന്ധിച്ച സാമുവൽസൺ – സ്വാമി സിദ്ധാന്തം ഉപയോഗിച്ചു ഞാൻ ഇന്ത്യയുടെ ജിഡിപി കണക്കാക്കലും പലിശനിരക്ക് നിർണയവും വിശകലനം ചെയ്താൽ മാധ്യമങ്ങൾ ഞാൻ പാർട്ടി (ബിജെപി) വിരുദ്ധനാണെന്നു പറയും’’എന്നു സ്വാമി ട്വീറ്റ്ചെയ്തു. രാജ്യത്തെ ജിഡിപി വളർച്ച സംബന്ധിച്ചു പലരും സംശയം ഉന്നയിച്ചതിനെ ശരിവയ്ക്കുകയായിരുന്നു സ്വാമി.

മോദി അധികാരത്തിലേറിയ ശേഷം ജിഡിപി വളർച്ച കുതിച്ചു എന്നു പറയാൻ ജിഡിപി നിർണയത്തിൽ തിരിമറി നടത്തിയിട്ടുണ്ടെന്നു പലരും സൂചിപ്പിച്ചിരുന്നു. ഈ ട്വീറ്റ് കഴിഞ്ഞു സ്വാമി വേറൊരു ട്വീറ്റ് നടത്തി. അതിൽ താൻ ഇനി (അയോധ്യയിലെ) രാമക്ഷേത്രം, (സോണിയാഗാന്ധി ഉൾപ്പെട്ട) നാഷണൽ ഹെറാൾഡ് കേസ്, (പി. ചിദംബരം ഉൾപ്പെട്ട) എയർ സെൽ – മാക്സിസ് കേസ് തുടങ്ങിയവയിൽ മാത്രമേ ശ്രദ്ധിക്കൂ എന്ന് അതിൽ പറഞ്ഞു. ബംഗ്ലാദേശിൽ ഹിന്ദു പൂജാരി കൊല്ലപ്പെട്ടതിനെപ്പറ്റിയും ഒരു ട്വീറ്റ് നടത്തി. ‘‘ബംഗ്ലാദേശ് ഉണ്ടാക്കി ഈ കാട്ടാളന്മാരെ മോചിപ്പിക്കാനായി ഹിന്ദുക്കൾ രക്‌തം ചൊരിഞ്ഞു’’ എന്ന് അതിൽ അനുസ്മരിക്കുകയും ചെയ്തു.


പ്രശസ്ത ധനശാസ്ത്രജ്‌ഞൻ പോൾ എ. സാമുവൽസണു (1915–2009)മായി ചേർന്നു ഡോ. സുബ്രഹ്മണ്യൻ സ്വാമി 1974ൽ എഴുതിയ പ്രബന്ധമാണു തിയറി ഓഫ് ഇൻഡെക്സ് നമ്പേഴ്സ്. അമേരിക്കൻ ഇക്കണോമിക് റിവ്യുവിൽ പ്രസിദ്ധീകരിച്ചതാണ് ഏറെ ഉദ്ധരിക്കപ്പെടുന്ന ഈ സിദ്ധാന്തം. പോൾ സാമുവൽസന്റെ കീഴിൽ പ്രിൻസ്ടണിൽ പഠിച്ച് ധനശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ സ്വാമി നിരവധി വർഷങ്ങൾ ഹാർവാഡിൽ ധനശാസ്ത്ര അധ്യാപകനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.