ഡൽഹിയിൽ മലയാളി കുത്തേറ്റു മരിച്ച നിലയിൽ
Wednesday, July 20, 2016 12:49 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ മലയാളിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചൊവ്വര പുറവരിയ്ക്കൽ പി. വിജയകുമാറിനെയാണ് (66) മയൂർ വിഹാറിലെ സമാചാർ അപ്പാർട്ട്മെന്റ് എന്ന ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കവർച്ച ശ്രമമാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെ ഫ്ളാറ്റിലെത്തിയ മകൾ അമ്പിളിയാണ് വിജയകുമാറിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്.

ആരോഗ്യവകുപ്പിൽനിന്ന് വിരമിച്ച വിജയകുമാറും ആദായനികുതി വകുപ്പിലെ ഉദ്യോഗസ്‌ഥയായ ഭാര്യ വസുന്ധര ദേവിയും മാത്രമാണ് ഈ ഫ്ളാറ്റിൽ താമസിക്കുന്നത്. മകൾ അമ്പിളിയുടെ കുടുംബം സമീപത്തു തന്നെയുള്ള മറ്റൊരു ഫ്ളാറ്റിലാണ് താമസം.


കവർച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണു സംശയം. ഫ്ളാറ്റിൽനിന്ന് ടെലിവിഷൻ കാണാതായിട്ടുണ്ട്. ടിവിയുമായി ഒരു സ്ത്രീ പുറത്തേക്കു പോകുന്നതിന്റെ ദൃശ്യം സിസി ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ, മോഷണശ്രമം മാത്രമായിരിക്കില്ല കൊലപാതകത്തിനു പിന്നിലെന്നാ ണു പോലീസ് പറയുന്നത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഋഷിപാൽ സിംഗിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ദുബായിൽ മാധ്യമപ്രവർത്തകനായ അജിത് മകനാണ്. മധു, ശ്രീല എന്നിവരാണ് മരുമക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.