ബിജെപി ഫാസിസ്റ്റ് പാർട്ടി, കൺഫ്യൂഷനില്ല: യെച്ചൂരി
ബിജെപി ഫാസിസ്റ്റ് പാർട്ടി, കൺഫ്യൂഷനില്ല: യെച്ചൂരി
Wednesday, July 20, 2016 12:49 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബിജെപി ഫാസിസ്റ്റ് പാർട്ടി ആണോ എന്ന കാര്യത്തിൽ സിപിഎമ്മിൽ ആശയക്കുഴപ്പമില്ലെന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാൽ, ബിജെപി ഫാസിസ്റ്റ് പാർട്ടിയല്ലെന്നു മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പാർട്ടി പ്രസിദ്ധീകരണത്തിൽ എഴുതിയതു വായിച്ചില്ലെന്നും യെച്ചൂരി പറഞ്ഞു. ബിജെപിയുടെ കാര്യത്തിൽ പാർട്ടിയുടെ നിലപാട് ഇതിനു മുമ്പു പലതവണ വ്യക്‌തമാക്കിയിട്ടുണ്ട്. ഫാസിസത്തിനു പലതരത്തിലുള്ള വ്യാഖ്യാനമുണ്ട്. പാർലമെന്ററി ജനാധിപത്യം തകർത്തു സ്വേഛാധിപത്യം സ്‌ഥാപിക്കാനാണു ഫാസിസ്റ്റുകൾ ശ്രമിക്കുന്നത്. ആർഎസ്എസ് എല്ലാ തരത്തിലും ഫാസിസ്റ്റ് പ്രസ്‌ഥാനമാണ്. ബിജെപിയെ നിയന്ത്രിക്കുന്നത് ആർഎസ്എസാണ്. ഇന്ത്യയിൽ പാർലമെന്ററി സംവിധാനം തകർക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. എങ്കിലും ബിജെപി ഫാസിസത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഉത്തരാഖണ്ഡിലും അരുണാചലിലും കണ്ടത് മോദി സർക്കാറിെൻറ സ്വേഛാധിപത്യ മുഖമാണ്. അതിനാൽ, ബിജെപിയെ എതിർക്കാനും തടയാനും അവർ പൂർണമായും ഫാസിസ്റ്റ് സ്വഭാവം പുറത്തെടുക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നുമാണ് യെച്ചൂരി പറഞ്ഞത്.


അതിനിടെ, എം.കെ ദാമോദരന്റെ നിയമനവും മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമനവും സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് യെച്ചൂരി തന്ത്രപൂർവം ഒഴിവായി. പാർലമെന്റ് സമുച്ചയത്തിൽ വച്ചു നടത്തുന്ന സമ്മേളനത്തിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ സംസാരിക്കേണ്ടതുള്ളു എന്നാണ് യെച്ചൂരി പറഞ്ഞത്. സംഘർഷം രൂക്ഷമായ കാഷ്മീരിനെ ശാന്തമാക്കാൻ സർവകക്ഷി സംഘത്തെ അയയ്ക്കണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കണ്ട് ആവശ്യപ്പെട്ടതായി യെച്ചൂരി പറഞ്ഞു. യുപിഎയുടെ കാലത്ത് ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. സർവകക്ഷി സംഘത്തിെൻറ സന്ദർശനത്തിന് പിന്നാലെ സംഘർഷത്തിന് അയവുവന്നു. ഇന്ത്യൻ ജനത ഒപ്പമുണ്ടെന്ന സന്ദേശം കാഷ്മീർ ജനതയ്ക്കു നൽകാൻ സർവകക്ഷി സംഘത്തിന് കഴിയും. തോക്കുകൊണ്ട് ഒരു ജനതയുടെ മനസ് പിടിച്ചെടുക്കാൻ കഴിയില്ലെന്നും യെച്ചൂരി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.