ഗുജറാത്തിലേതു സാമൂഹിക ഭീകരതയുടെ പ്രതിഫലനമെന്നു സോണിയ ഗാന്ധി
ഗുജറാത്തിലേതു സാമൂഹിക ഭീകരതയുടെ പ്രതിഫലനമെന്നു സോണിയ ഗാന്ധി
Wednesday, July 20, 2016 12:49 PM IST
<ആ>പ്രത്യേക ലേഖകൻ

ന്യൂഡൽഹി: ഗുജറാത്തിലെ ഉനയിൽ പശുവിനെ കൊന്നുവെന്ന് ആരോപിച്ചു ദളിതരെ കൊല ചെയ്ത സംഭവം നരേന്ദ്ര മോദി സർക്കാരിനു കീഴിൽ നടക്കുന്ന സാമൂഹിക ഭീകരതയുടെ പ്രതിഫലനമാണെന്നു കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഭരണഘടന പവിത്രമാണെന്ന് ഇടയ്ക്കിടെ പറയുന്ന പ്രധാനമന്ത്രി, അരുണാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഭരണഘടനയെ ചവിട്ടിമെതിച്ചുവെന്നും സോണിയ ആരോപിച്ചു.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം പട്ടികജാതി, വർഗ വിഭാഗങ്ങൾക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ അക്രമങ്ങൾ തുടർക്കഥയാണെന്നും സോണിയ കുറ്റപ്പെടുത്തി. ഗുജറാത്തിൽ ദളിത് യുവാക്കൾക്കെതിരേ നടന്നതു സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തു നടക്കുന്ന സാമൂഹിക ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. വനാവകാശ നിയമം അനുസരിച്ച് ആദിവാസികൾക്ക് ലഭിച്ചിരുന്ന അവകാശങ്ങൾപോലും സർക്കാർ കവർന്നെടുത്തു.

ജനങ്ങൾക്കുമേൽ സങ്കുചിത പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനുള്ള ലൈസൻസായി പാർലമെന്റിലെ ഭൂരിപക്ഷത്തെ സർക്കാർ ദുരുപയോഗപ്പെടുത്തുകയാണെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സോണി യ പറഞ്ഞു. ഭരണഘടന കീഴ്വഴക്കങ്ങളും മൂല്യങ്ങളും ചവിട്ടിമെതിക്കാനുള്ള ലൈസൻസല്ല പാർലമെന്റിലെ ഭൂരിപക്ഷം. ഇക്കാര്യം സർക്കാർ മറക്കരുതെന്നു സോണിയ ഓർമിപ്പിച്ചു.

ഭരണഘടനാ സ്‌ഥാപനങ്ങളെ മോദി സർക്കാർ എങ്ങിനെ അസ്‌ഥിരപ്പെടുത്തുന്നുവെന്നും സമൂഹത്തിൽ എങ്ങിനെ ധ്രുവീകരണം നടത്തുന്നുവെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. അരുണാചലിലും ഉത്തരാഖണ്ഡിലും ഭരണഘടനയെ ചവിട്ടിമെതിച്ചു കോൺഗ്രസ് സർക്കാരുകളെ പുറത്താക്കാൻ ശ്രമിച്ചതു കോടതിയാണു തടഞ്ഞത്. കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്‌ഥാനങ്ങളിലെ സർക്കാരുകളെ അസ്‌ഥിരപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. മോദിയുടെ വാക്കുകൾ കേട്ട് സംതൃപ്തരായി നോക്കിനിൽക്കാൻ കോൺഗ്രസിന് കഴിയില്ല.


ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് സംസ്‌ഥാനങ്ങളിൽ ഉയർന്ന വൻ അഴിമതി ആരോപണങ്ങൾ കാണാതെയാണു അഴിമതിക്കെതിരേ മോദി പ്രസംഗിക്കുന്നത്. ഗുജറാത്ത് പെട്രോളിയം കോർപ്പറേഷനുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളെ ഒളിപ്പിക്കാനാണു സർക്കാർ ശ്രമം. തീരുമാനങ്ങൾ എടുക്കുന്നതിലെ സുതാര്യത ഇല്ലായ്മയും ചങ്ങാത്ത മുതലാളിത്ത പ്രോത്സാഹനവും സർക്കാരിന്റെ ധർമനീതിയിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണെന്നും സോണിയ ആക്ഷേപിച്ചു.

ജമ്മു കാഷ്മീരിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ രാജ്യത്തിനാകെ വലിയ വെല്ലുവിളി ഉയർത്തുന്നവയാണ്. രാജ്യസുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും പാടില്ല. തീവ്രവാദികളെ ശക്‌തമായി നേരിടണം. യുവാക്കൾ എങ്ങിനെ ഇത്തരത്തിൽ അക്രമത്തിന്റെ പാതയിലേക്ക് തിരിയുന്നുവെന്നതിനെക്കുറിച്ചു ഗൗരവമായി പരിശോധന നടത്തണം. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ കാഷ്മീരിലെ ജനതയുമായി പരമാവധി സംവാദം നടത്താൻ ശ്രമിച്ചു. എന്നാൽ ഇപ്പോൾ അതില്ല. സംയമനത്തോടെയും സൂക്ഷ്മതയോടെയും വേണം കാഷ്മീർ പ്രശ്നത്തെ നേരിടാനെന്നും സോണിയ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.