മായാവതിയെ ലൈംഗിക തൊഴിലാളിയോട് ഉപമിച്ചു; ബിജെപി നേതാവിനെതിരേ രാജ്യസഭയിൽ പ്രതിഷേധം
മായാവതിയെ ലൈംഗിക തൊഴിലാളിയോട് ഉപമിച്ചു; ബിജെപി നേതാവിനെതിരേ രാജ്യസഭയിൽ പ്രതിഷേധം
Wednesday, July 20, 2016 12:57 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: ബിഎസ്പി നേതാവ് മായാവതിയെ ബിജെപി നേതാവ് ദയാശങ്കർ സിംഗ് ലൈംഗിക തൊഴിലാളിയെന്ന് അധിക്ഷേപിച്ചതിനെതിരേ പാർലമെന്റിൽ പ്രതിഷേധം ഇരമ്പി. പാർട്ടി നേതാവിന്റെ അധിക്ഷേപത്തിനു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി രാജ്യസഭയിൽ മായാവതിയോട് മാപ്പു പറഞ്ഞു.

ബിജെപി നേതാവിന്റെ പരാമർശം പൊറുക്കാനാവാത്തതാണെന്നും ഇയാൾക്കെതിരേ നിയമാനുസൃതമായി കർശന നടപടിയെടുക്കണമെന്നും രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ കുര്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ ഇന്നു രാജ്യസഭയിൽ ചർച്ച നടത്താമെന്നും അദ്ദേഹം മായാവതിയോടു പറഞ്ഞു.

ബിജെപി നേതാവിന്റെ വാക്കുകൾ തന്നെയും വ്യക്‌തിപരമായി മുറിവേൽപ്പിച്ചുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും ഇക്കാര്യത്തിൽ മായാവതിയെ പിന്തുണയ്ക്കുന്നുവെന്നും ജയ്റ്റ്ലി പറഞ്ഞു.

ബിജെപിയും മന്ത്രിയും ഖേദം പ്രകടിപ്പിച്ചെങ്കിലും മായാവതിയും ബിഎസ്പിയും മുഖവിലയ്ക്കെടുക്കാതിരുന്നതിനെത്തുടർന്ന് ഇതേച്ചൊല്ലിയുള്ള ബഹളത്തിൽ രാജ്യസഭ ഒരു തവണ പിരിഞ്ഞു. അതീവ ക്ഷോഭത്തോടെയാണ് സഭയിൽ മായാവതി പ്രതികരിച്ചത്. താൻ വിവാഹം കഴിച്ചിട്ടില്ലെന്നും രാജ്യം മുഴുവൻ തന്റെ കുടുംബമായാണു കരുതുന്നതെന്നും അവർ പറഞ്ഞു. എല്ലാവരും സഹോദരിയെന്നാണു വിളിക്കുന്നത്. പാർലമെന്റിനുള്ളിൽ പോലും എല്ലാവരും ബഹൻജിയെന്നാണു വിളിക്കുന്നത്. ബിജെപി നേതാവ് തന്നെക്കുറിച്ചു നടത്തിയ മോശം പരാമർശം അയാളുടെ സഹോദരിയോടോ മകളോടോ ആണു പറഞ്ഞിരിക്കുന്നതെന്നും മായാവതി തിരിച്ചടിച്ചു. ഇക്കാര്യത്തിൽ രാജ്യം ബിജെപിക്കു മാപ്പു നൽകില്ലെന്നും മായാവതി പറഞ്ഞു.

ദയാശങ്കർ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ ജനം തെരുവിലിറങ്ങി അക്രമാസക്‌തമായാൽ അവരെ നിയന്ത്രിക്കാൻ തനിക്ക് കഴിയില്ലെന്നും മായാവതി പറഞ്ഞു. തനിക്കെതിരായ പരാമർശത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ഇരമ്പുമെന്നും മായാവതി മുന്നറിയിപ്പു നൽകി. മറ്റു പ്രതിപക്ഷ പാർട്ടികളും മായാവതിക്കു പിന്തുണ നൽകി രംഗത്തു വന്നു. ഒരു സ്ത്രീയെ ഇത്തരത്തിൽ അപമാനിക്കുന്നത് ലജ്‌ജാകരമാണെന്ന് കോൺഗ്രസിലെ രേണുക ചൗധരി ചൂണ്ടിക്കാട്ടി. രാജ്യത്ത് ദളിതർക്കെതിരായ അതിക്രമം പാർലമെന്റ് ചർച്ച ചെയ്യുന്ന സമയമാണ് ഇത്രയും നീചമായ വാക്കുകൾ ബിജെപി നേതാവിൽനിന്നു വന്നതെന്നും ഇയാളെ രാത്രിക്കു മുമ്പ് അറസ്റ്റ് ചെയ്യണമെന്നും രേണുക ആവശ്യപ്പെട്ടു. ഇത്തരം പരാമർശങ്ങൾ വച്ചു പൊറുപ്പിക്കാനാകില്ലെന്നു തൃണമൂലിലെ ഡെറിക് ഒബ്രിയനും പറഞ്ഞു. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ഡിഎംകെയിലെ കനിമൊഴി, കോൺഗ്രസിലെ കുമാരി ഷെൽജ, സിപിഎമ്മിലെ ടി.കെ. രംഗരാജൻ, ബിഎസ്പിയിലെ സതീഷ് ചന്ദ്ര മിശ്ര തുടങ്ങിയവർ ബിജെപി നേതാവിനെതിരേ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.


അതിനിടെ, മായാവതിയെ ലൈംഗിക തൊഴിലാളിയെന്ന് ആക്ഷേപിച്ച നേതാവിനെ ബിജെപി പുറത്താക്കി. ഉത്തർപ്രദേശിൽ ബിജെപി പുതിയെ വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ട ദയാശങ്കർ സിംഗിന്റെ വാക്കുകൾ പാർട്ടിക്കു സ്വീകാര്യമല്ലെന്നും പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും നീക്കം ചെയ്യുന്നതായും മാപ്പു ചോദിക്കുന്നതായും യുപി ബിജെപി അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ അറിയിച്ചു. ഉത്തർപ്രദേശിൽ ബിജെപിയുടെ പുതിയ വൈസ്പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം ലഭിച്ച സ്വീകരണത്തിലാണ് ദയാശങ്കർ സിംഗ് വിവാദ പ്രസ്താവന നടത്തിയത്. മായാവതി കാൻഷി റാമിന്റെ സ്വപ്നങ്ങളെ തച്ചുടച്ചു. അവർ പാർട്ടി ടിക്കറ്റ് വിൽക്കുകയാണ്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവർ വലിയ നേതാവാണ്.

എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഒരു കോടിയുമായി ചെല്ലുന്ന ആർക്കും അവർ ടിക്കറ്റ് നൽകുന്നു. രണ്ട് കോടിയുമായി വന്നാൽ മായാവതി അവർക്കും ടിക്കറ്റ് നൽകുന്നു. മൂന്നുകോടിയും കൊണ്ട് ആരെങ്കിലും വരികയാണെങ്കിൽ മുമ്പത്തെ സ്‌ഥാനാർഥികൾക്കു വാഗ്ദാനം ചെയ്ത ടിക്കറ്റ് റദ്ദാക്കി അവനെ തെരഞ്ഞെടുക്കുന്നു. മായാവതിയുടെ സ്വഭാവം ഒരു ലൈംഗിക തൊഴിലാളിയുടെ നിലവാരത്തേക്കാൾ അധഃപതിച്ചിരിക്കുന്നു എന്നാണ് ബിജെപി നേതാവ് പ്രസംഗിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് ദയാശങ്കർ സിംഗ് പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. മാപ്പപേക്ഷയും ഖേദപ്രകടനവും മുഖവിലക്കെടുക്കാതെ മുഖം രക്ഷിക്കാൻ ബിജെപി ദയാശങ്കർ സിംഗിനെ പുറത്താക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.