വിലക്കയറ്റത്തിനെതിരേ കോൺഗ്രസ് പാർലമെന്റ് മാർച്ച്
വിലക്കയറ്റത്തിനെതിരേ കോൺഗ്രസ് പാർലമെന്റ് മാർച്ച്
Wednesday, July 20, 2016 12:57 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരേ സർക്കാരിനെ വിമർശിച്ചു കോൺഗ്രസ്. വിലക്കയറ്റത്തിനെതിരേ കോൺഗ്രസ് ഇന്നലെ പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചു. കേരളത്തിൽ നിന്നുൾപ്പടെ നിരവധിപേർ മാർച്ചിൽ പങ്കെടുത്തു. വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രണ വിധേയമാക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പാർലമെന്ററി പാർട്ടി യോഗത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചു.

പണപ്പെരുപ്പവുമായി ബന്ധപ്പെട്ട മോദി സർക്കാരിന്റെ കണക്കുകളിലെ പൊള്ളത്തരം റിസർവ് ബാങ്ക് ഗവർണർ തന്നെ തുറന്നു കാണിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായിട്ടു പോലും വരൾച്ച നേരിടുന്ന കർഷകരെ സഹായിക്കാൻ സർക്കാർ തയാറായിട്ടില്ല. സർക്കാരിന്റെ ഈ സമീപനം അങ്ങേയറ്റം അപലപനീയമാണ്. ഗ്രാമീണ മേഖലയിലെ ജനത നേരിടുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും സർക്കാരിന് ഒരു പ്രശ്നമേ അല്ലെന്നും സോണിയാഗാന്ധി പറഞ്ഞു.

മുതിർന്ന നേതാക്കളായ മോത്തിലാൽ വോറ, ദിഗ് വിജയ് സിംഗ്, ജനാർദനൻ ദ്വിവേദി, മോഹൻ പ്രകാശ്, രൺദീപ് സുർജേവാല, ഉത്തർപ്രദേശ് പി.സി.സി പ്രസിഡന്റ് രാജ് ബബ്ബർ തുടങ്ങിയവർ പാർലമെന്റ് മാർച്ചിനെ അഭിസംബോധന ചെയ്തു. അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളെ അട്ടിമറിക്കാൻ നടന്ന ശ്രമങ്ങൾക്കെതിരേയും മാർച്ചിൽ പ്രതിഷേധം ഉയർന്നു. മാർച്ച് നടത്തി നീങ്ങിയ പ്രവർത്തകരെ പോലീസ് ബാരിക്കേഡ് നിരത്തി തടയാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. കേരളത്തിൽ നിന്നുള്ള നേതാക്കളെയടക്കം പോലീസ് അറസ്റ്റ് ചെയ്താണ് നീക്കിയത്. ഇവരെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയച്ചു.


കേരളത്തിൽ നിന്ന് എംഎൽഎമാരായ റോജി എം.ജോൺ, ഷാഫി പറമ്പിൽ, മഹിളാ കോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ, യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്, കെപിസിസി സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, എം.എം. നസീർ, പഴകുളം മധു, ഐ.കെ. രാജു, സക്കീർ ഹുസൈൻ, പി.എ. സലീം, രതികുമാർ, കെപിസിസി നിർവാഹക സമിതി അംഗം വിനോദ് കൃഷ്ണ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.