കബാലിയിൽ അലിഞ്ഞ് സിനിമാലോകം
കബാലിയിൽ അലിഞ്ഞ് സിനിമാലോകം
Thursday, July 21, 2016 11:53 AM IST
ചെന്നൈ: ആരാധകരുടെ നീണ്ട കാത്തിരിപ്പിന് അവസാനം, സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ചിത്രം കബാലി തിയറ്ററുകളിൽ. നേരം പുലരുന്നതിനു മുമ്പുതന്നെ തിയറ്ററിൽ കടന്ന് കബാലിയെ കൺനിറയെ കണ്ട് രജനി ആരാധകർ നിറമനസോടെ പുറത്തിറങ്ങി... സൂപ്പർ താരത്തിന്റെ സൂപ്പർ ഡയലോഗായ കബാലി ഡാ... എന്ന് നീട്ടിപ്പറഞ്ഞ് ആരാധകർ രജനി ചിത്രത്തിന്റെ ആവേശത്തിൽ മതിമറന്നു... അദ്ദേഹത്തിന്റെ പടുകൂറ്റൻ കട്ടൗട്ടറുകളിൽ മാല ചാർത്തി, പാലഭിഷേകം നടത്തി...

ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ ലോകം മുഴുവൻ രജനി ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. അതിന് അവസാനം കുറിച്ച് ഇന്നു പുലർച്ചെ 1.45 മുതൽ പല തിയറ്റുകളിലും ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചു. ചെന്നൈയിലും ബംഗളൂരുവിലും കബാലി റിലീസ് ചെയ്യുന്ന ഒറ്റക്കാരണത്താൽ സ്വകാര്യ സ്‌ഥാപനങ്ങൾ അവധി നല്കിയിരിക്കുകയാണ്. ചില സ്‌ഥാപനങ്ങൾ ജോലിക്കാർക്ക് കബാലി കാണാനുള്ള ടിക്കറ്റുപോലും നല്കി.

കേരളത്തിലും റിക്കാർഡ് റിലീസാണ് ചിത്രത്തിനുള്ളത്. മോഹൻലാലിന്റെ ആശീർവാദാണ് 8.5 കോടി രൂപയ്ക്ക് കേരളത്തിൽ കബാലിയുടെ വിതരണാവകാശം സ്വന്തമാക്കിയത്. 306 തിയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ദിവസേന 2,000 പ്രദർശനങ്ങൾ കേരളക്കരയിൽ ഉണ്ടാകും. കേരളത്തിൽ ഇതിനു മുമ്പ് ഇത്രയുമധികം തിയറ്ററുകളിൽ ഒരു ചിത്രം പ്രദർശിപ്പിച്ചിട്ടില്ല.


ലോകത്തിൽ മുഴുവനായി 4,000 തീയറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്തത്. അമേരിക്കയിൽ 400ൽ അധികം തിയറ്ററുകളിലും യുഎഇയിൽ 90 തിയറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കും. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ.

അതിനിടെ, ബംഗളൂരുവിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ചിത്രം പ്രദർശിപ്പിക്കാനുള്ള അപേക്ഷ ഡെപ്യൂട്ടി കമ്മീഷണർ വി. ശങ്കർ തള്ളി. സിനിമ പ്രദർശനം നടത്താൻ ഹോട്ടലുകൾക്ക് അനുമതിയില്ലെന്നും തിയറ്ററുകളിലോ മൾട്ടിപ്ലക്സുകളിലോ റിലീസ് ചെയ്യാനുള്ള അനുമതിയാണ് സെൻസർബോർഡ് നല്കുന്നതെന്നും ചൂണ്ടിക്കാണിച്ചായിരുന്നു അപേക്ഷ തള്ളിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.