യുപി പിടിക്കാൻ കോൺഗ്രസ് ബസ് യാത്ര നടത്തും
Thursday, July 21, 2016 12:07 PM IST
<ആ>ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ഉത്തർപ്രദേശ് പിടിക്കാനുള്ള പടയൊരുക്കത്തിന്റെ തുടർച്ചയായി കോൺഗ്രസ് മൂന്നു ദിവസത്തെ ബസ് യാത്ര നടത്തു ന്നു.

യുപിയിലെ എസ്പി, ബിഎസ്പി, ബിജെപി സർക്കാരുകളുടെ 27 വർഷത്തെ ദുർഭരണം തുറന്നു കാട്ടാനുള്ള യാത്ര 23ന് എഐസിസി ആസ്‌ഥാനത്തിനു മുന്നിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ചേർന്നു ഫ്ളാഗ് ഓഫ് ചെയ്യും.

യുപിയിലാകെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി സജീവമായി രംഗത്തിറങ്ങുമെന്നാണു വിശ്വാസമെന്നു ബസ് യാത്രയുടെ വിവരം അറിയിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ യുപിയിലെ കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ സഞ്ജയ് സിം ഗ് എംപി പറഞ്ഞു.

ജൂലൈ 29ന് ലക്നോയിൽ സമാപിക്കുന്ന ബസ് യാത്രയുടെ വൻ റാലിയിൽ രാഹുൽ ഗാന്ധിയും മറ്റു പ്രമുഖ നേതാക്കളും പ്രസംഗിക്കും. ബിഹാറിൽ നിതീഷ് കുമാറിന്റെ വിജയത്തിനു തന്ത്രമൊരുക്കിയ പ്രശാന്ത് കിഷോറിന്റെ നിർദേശത്തിലാണു കോൺഗ്രസ് യുപിയിൽ വിശദമായ പ്രചാരണ പരിപാടിക്കും മുൻകൂട്ടി മുഖ്യമന്ത്രിയെ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചും ബ്രാഹ്മണർ മുതൽ ദളിത് വരെയുള്ള നേതാക്കളെ വിവിധ തലത്തിൽ നേതൃത്വത്തിലേക്കു കൊണ്ടുവന്നും പ്രചാരണത്തിനു പിരിമുറുക്കം കൂട്ടുന്നത്.


എസ്പി, ബിഎസ്പി, ബിജെപി പോരിനിടയിൽ പരമാവധി സീറ്റുകൾ നേടി യുപിയിലെ മൂന്നാമത്തെ വലിയ കക്ഷിയെങ്കിലും ആകാനാണു കോൺഗ്രസ് കരു നീക്കുന്നത്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റ് നേടാനായതു കോൺഗ്രസിന്റെ തിരിച്ചുവരവിനു കഴിയുമെന്നതിന്റെ സൂചനയാണെന്നു രാഹുലും പ്രശാന്ത് കിഷോറും ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.