ബിജെപിക്കു ജനം മാപ്പുനൽകില്ല: മായാവതി
ബിജെപിക്കു ജനം മാപ്പുനൽകില്ല: മായാവതി
Thursday, July 21, 2016 12:07 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: തന്നെ ലൈംഗിക തൊഴിലാളിയോടുപമിച്ച ബിജെപിയോടു രാജ്യത്തെ ദളിതർ ഒരുകാലത്തും പൊറുക്കില്ലെന്നു ബിഎസ്പി നേതാവ് മായാവതി. ബിജെപി നേതാവ് ദയാശങ്കർ സിംഗ് നടത്തിയ വിവാദ പരാമർശത്തിനെതിരേ ഉത്തർപ്രദേശിൽ വൻ പ്രതിഷേധം ഉയർന്നതിനിടെയായിരുന്നു മായാവതിയുടെ പ്രതികരണം. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾ തന്നെ അവരുടെ ദേവതയായാണു കരുതുന്നത്. രാഷ്ര്‌ടീയത്തിനതീതമായാണ് ദളിത്, പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവർ തന്നെ ബഹുമാനിക്കുന്നത്. അവരുടെ ദേവതയ്ക്കു മോശമായി എന്തെങ്കിലും സംഭവിച്ചാൽ അവർ പൊറുക്കില്ല. അവർ പ്രതിഷേധിക്കുക തന്നെ ചെയ്യുമെന്നും മായാവതി ഡൽഹിയിൽ പറഞ്ഞു.

ബിജെപി നേതാവ് തന്നെ മോശമായി ചിത്രീകരിച്ചതിനെതിരേ പ്രതിഷേധമുയർത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും മായാവതി വ്യക്‌തമാക്കി. ബിജെപി നേതാവിന്റെ വാക്കുകൾ അങ്ങേയറ്റം മോശമായിരുന്നു. പിന്നോക്ക വിഭാഗത്തിൽ നിന്നുള്ളവർ, പ്രത്യേകിച്ചു ദളിത് വിഭാഗങ്ങൾ അവരുടെ വികാരത്തിന് അനുസരിച്ചാണു പ്രതിഷേധം ഉയർത്തുന്നത്. തനിക്കവരെ തടയാനാവില്ല. പക്ഷേ, അവരുടെ അവകാശങ്ങൾക്കു വേണ്ടി അവരോടൊപ്പം എന്നും പോരാടുമെന്ന് ഉറപ്പു നൽകാൻ കഴിയുമെന്നും മായാവതി പറഞ്ഞു. മായാവതിയെ ലൈംഗികത്തൊഴിലാളിയെന്ന് ആക്ഷേപിച്ച ബിജെപി നേതാവ് ദയാശങ്കർ സിംഗിനെതിരേ പട്ടികജാതി, പട്ടികവർഗ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദയാശങ്കറിനെ ബിജെപിയിൽ നിന്നും ആറു വർഷത്തേക്ക് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.


മായാവതിക്കെതിരേ ബിജെപി നേതാവ് നടത്തിയ പരാമർശത്തിനെതിരേ പാർലമെന്റിൽ ബുധനാഴ്ച വൻ പ്രതിഷേധമുയർന്നിരുന്നു.

സംഭവത്തിൽ കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്ലി സഭയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ, മാപ്പു പറച്ചിലും പാർട്ടിയിൽ നിന്നും പുറത്താക്കലും കൊണ്ടു കാര്യമില്ലെന്നും ദയാശങ്കറിനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ഉറച്ച നിലപാടിലാണു മായാവതി. ഇന്നലെ ലോക്സഭയിൽ കോൺഗ്രസ് ചീഫ് വിപ്പ് ജ്യോതിരാദിത്യ സിന്ധ്യ വിഷയം ഉന്നയിച്ചു. സംഭവത്തിൽ സർക്കാർ കഴിഞ്ഞ ദിവസം രാജ്യസഭയിൽ മാപ്പു പറഞ്ഞതാണെന്നും സംഭവത്തിൽ കുറ്റക്കാരനായ നേതാവിനെതിരേ നിയമപരമായ നടപടിയെടുക്കുമെന്നും പാർലമെന്ററികാര്യ മന്ത്രി അനന്ദ് കുമാർ പറഞ്ഞു. മായാവതി ഒരിക്കൽ കൂടി ആക്രമിക്കപ്പെട്ടാൽ അവർക്കൊപ്പം നിൽക്കുമെന്നും ഈ സംഭവം തെരഞ്ഞെടുപ്പിൽ ആയുധമാക്കാനാണ് മായാവതിയുടെ ഉദ്ദേശമെങ്കിൽ ഇതെല്ലാം മറക്കുന്നതാണ് നല്ലതെന്നുമായിരുന്നു കേന്ദ്രമന്ത്രി ഉമാഭാരതിയുടെ മുന്നറിയിപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.