കായംകുളം താപനിലയം: കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി
Thursday, July 21, 2016 12:07 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കായംകുളം താപനിലയം നിലനിർത്തുന്നതിന് ആവശ്യമായ സഹായവും ഇളവുകളും നൽകണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. വൈദ്യുതി വാങ്ങിയില്ലെങ്കിലും താപനിലയത്തിനു വേണ്ടി എൻടിപിസിക്കു നൽകിക്കൊണ്ടിരുന്ന 207 കോടി രൂപ 300 കോടിയോളമാക്കി വർധിപ്പിച്ചതു പുനഃപരിശോധിച്ച് ഇതിൽ ഇളവ് നൽകണമെന്നാണു കേന്ദ്ര ഊർജ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്‌ഥാന വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടത്. എന്നാൽ, കേന്ദ്ര സഹായം നൽകിയാലും പ്രതിസന്ധി തീരില്ലെന്നു വ്യക്‌തമാക്കിയ കേന്ദ്രമന്ത്രി, നിലയം കേരളത്തിനു കനത്ത സാമ്പത്തിക ബാധ്യതയാണെന്നും പ്രവർത്തനം തുടരണോയെന്ന കാര്യത്തിൽ സംസ്‌ഥാനം ഉചിതമായ തീരുമാനമെടുക്കണമെന്നും നിർദേശിച്ചു.

വർധിച്ച ഉത്പാദനച്ചെലവ് കാരണം അപൂർവമായി മാത്രം ഉത്പാദനം നടക്കുന്ന കായംകുളം നിലയം നിലനിർത്താൻ മാത്രമായി വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും പ്രതിവർഷം 207 കോടി രൂപയാണ് കെഎസ്ഇബി നൽകുന്നത്. ഇത് മുന്നൂറോളം കോടിയാക്കി വർധിപ്പിക്കണമെന്നാണ് എൻടിപിസി ആവശ്യപ്പെടുന്നത്. കേരളം ഏറെ പ്രതീക്ഷയോടെ നടപ്പാക്കിയതാണു കായംകുളം പദ്ധതി. അതിനാൽ, കടുത്ത പ്രതിസന്ധിയാണെങ്കിലും നിലയത്തിന്റെ ഭാവി സംബന്ധിച്ച തീരുമാനം കൂടുതൽ ആലോചനകൾക്കുശേഷം മാത്രമേ സ്വീകരിക്കാനാകൂ.

സംസ്‌ഥാന വൈദ്യുതി ബോർഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ യോജിച്ചു പ്രവർത്തിക്കുന്നതിനുള്ള ഉദയ് (ഉജ്വൽ ഡിസ്കോം അഷ്വറൻസ് യോജന) പദ്ധതിയുമായി സഹകരിക്കാൻ തയാറാണെന്നും സംസ്‌ഥാനം കേന്ദ്രത്തെ അറിയിച്ചു. കെഎസ്ഇബിയുടെ കടബാധ്യത സംസ്‌ഥാന സർക്കാർ ഏറ്റെടുക്കണമെന്ന വ്യവസ്‌ഥ ഒഴികെ വൈദ്യുതി മേഖലയുടെ കാര്യക്ഷമത ഉയർത്തുന്നതിനുള്ള പരിപാടികളാണു കേരളം താത്പര്യം അറിയിച്ചത്. മാടക്കത്തറ, അരീക്കോട്, കക്കയം, നല്ലളം എന്നീ പ്രസരണ ലൈനുകളുടെ ശേഷി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു വർധിപ്പിക്കുതിനുള്ള പദ്ധതി, പട്ടികജാതി വർഗ വിഭാഗങ്ങളിൽപെട്ട 10,000 കുടുംബങ്ങൾക്കു വീടിന് മുകളിൽ സൗരോർജ പാനൽ സ്‌ഥാപിക്കുന്നതിന് പദ്ധതി, ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ ഹരിതോർജ സാധ്യതകൾ (കാറ്റ്, സൗരോർജം) പരമാവധി ഉപയോഗപ്പെടുത്താനുള്ള പദ്ധതി എന്നിവയ്ക്കു സഹായം ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി.


മുൻ ഇടതു സർക്കാരിന്റെ കാലത്തു ലഭിച്ച ബൈതരണി കൽക്കരിപ്പാടം നഷ്‌ടമായ സാഹചര്യത്തിൽ മറ്റൊരു കൽക്കരിപ്പാടം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചു. പദ്ധതി തയാറാക്കുന്ന മുറക്ക് കൽക്കരിപ്പാടം ലഭ്യമാക്കും.

വൈദ്യുതി മേഖലയിൽ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരണം നടപ്പാക്കാൻ 40 കോടി രൂപയുടെ ഗ്രാന്റായും 40 കോടി വായ്പയായും ലഭിക്കും. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്മാർട് ഗ്രിഡ് നടപ്പാക്കാൻ 100 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്ര സഹായം ഉറപ്പുനൽകിയെന്നും മന്ത്രി കടകംപള്ളി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.