മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് കേന്ദ്രസർക്കാർ പ്രതിനിധിസംഘത്തെ അയയ്ക്കും
മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക്  കേന്ദ്രസർക്കാർ പ്രതിനിധിസംഘത്തെ അയയ്ക്കും
Friday, July 22, 2016 12:40 PM IST
<ആ>പ്രത്യേക ലേഖകൻ

ന്യൂഡൽഹി: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സെപ്റ്റംബർ നാലിനു റോമിൽ നടക്കുന്ന ചടങ്ങിലേക്കു കേന്ദ്രസർക്കാർ ഉന്നതതല പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. രാജ്യത്തിന്റെ അഭിമാനമായ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് ഇന്ത്യ ഔദ്യോഗിക സംഘത്തെ അയയ്ക്കുന്നതിനെക്കുറിച്ചു പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.വി. തോമസ് എംപി പരാമർശിച്ചപ്പോഴാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംഘത്തിൽ ആരൊക്കെ ഉണ്ടാകുമെന്നത് അടക്കമുള്ള വിശദാംശങ്ങൾ കേന്ദ്രസർക്കാർ പിന്നീടു തീരുമാനിക്കും. റോമിൽ നടക്കുന്ന എല്ലാ പ്രധാനപ്പെട്ട ചടങ്ങുകളിലും ഇന്ത്യയിൽനിന്ന് ഉന്നത ഔദ്യോഗിക പ്രതിനിധി സംഘത്തെ അയയ്ക്കാറുണ്ടെന്ന് സുഷമ സ്വരാജിന്റെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ തോമസ് ചൂണ്ടിക്കാട്ടി.


ആരുമില്ലാത്ത പാവങ്ങൾക്കും അശരണർക്കും രോഗികൾക്കും വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച മദർ തെരേസ ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെയാകെ ആദരവു നേടിയ വിശുദ്ധയാണെന്നു തോമസ് പറഞ്ഞു.

യെമനിൽ ഭീകരർ തട്ടിക്കൊണ്ടു പോയി തടങ്കലിലാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനുവേണ്ടി കേന്ദ്രം ശക്‌തമായ നടപടികൾ സ്വീകരിക്കുമെന്നു വിദേശകാര്യ മന്ത്രി വ്യക്‌തമാക്കി. ഇതിനായി ശ്രമം ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും സുഷമ പറഞ്ഞു. മലയാളി വൈദികന്റെ മോചനം വേഗത്തിലാക്കാൻ ഇടപെടണമെന്ന് തോമസ് മന്ത്രിയോട് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.