ദളിത് പീഡനങ്ങളിൽ സിബിസിഐ ആശങ്ക രേഖപ്പെടുത്തി
Friday, July 22, 2016 12:40 PM IST
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദളിത്,പിന്നോക്ക വിഭാഗങ്ങളുടെ മേൽ വർധിച്ചുവരുന്ന പീഡനങ്ങളിലും അവരെ ഒറ്റപ്പെടുത്തുന്ന അനിഷ്ടസംഭവങ്ങളിലും ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അതിയായ ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ ദളിത് പിന്നോക്കവിഭാഗങ്ങളോടു ഭാരത കത്തോലിക്കാ സഭയ്ക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം സത്വരമായ നടപടികളും മുൻകരുതലുകളും ബന്ധപ്പെട്ട സംസ്‌ഥാന സർക്കാരുകളും കേന്ദ്രസർക്കാരും സ്വീകരിക്കണമെന്നു സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ അഭ്യർഥിച്ചു.

കഴിഞ്ഞ 11–ന് ഗുജറാത്തിൽ ഒരു ദളിത് കുടുംബത്തിലെ ഏഴ് അംഗങ്ങൾ അതിക്രൂരമായി സാമൂഹ്യവിരുദ്ധരുടെ അക്രമത്തിന് ഇരയായ സംഭവം ദളിത് പീഡനങ്ങളിൽ ഏറ്റവും അവസാനത്തേതാണ്. ഒഡീഷയിലെ കാൻഡമലിൽ എട്ടു വർഷം മുമ്പ് മനുഷ്യമനഃസാക്ഷി യെ ഞെട്ടിച്ച നരനായാട്ടിന്റെ മുറിവുണങ്ങുന്നതിനു മുമ്പ് അതേ സ്‌ഥലത്തു തന്നെ ഒരു പെൺകുഞ്ഞുൾപ്പെടെ അഞ്ചു പേർ നിയമപാലകരുടെ വെടിയേറ്റു മരിച്ച സംഭവം അതീവ ദുഃഖകരമാണ്. ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്‌ഥയും ലംഘിച്ചുകൊണ്ട് ദളിതരുടെ അവകാശത്തിന്മേൽ കടന്നുകയറ്റം നടത്തുന്നതും വ്യക്‌തിഹത്യ നടത്തുന്നതും ഉൾപ്പെടെയുള്ള നടപടികളിൽനിന്നു ബന്ധപ്പെട്ടവർ ഒഴിഞ്ഞുനിൽക്കേണ്ട താണ്.

മാംസഭക്ഷണം, പശു സംരക്ഷണം തുടങ്ങിയ വാദങ്ങളുടെമേൽ ദളിതരെയും പിന്നോക്ക വിഭാഗങ്ങളെയും ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. സാമൂഹികമായ പിന്നോക്കാവസ്‌ഥയും കടുത്ത അവഗണനയും അനുഭവിക്കുന്ന ദളിത് വിഭാഗങ്ങളുടെമേൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏൽപ്പിക്കുന്നതു മനഃസാക്ഷിക്കു ചേരാത്ത കിരാതനടപടികളാണ്.


2014–ൽ 47,000–ലധികം കേസുകളാണ് ഔദ്യോഗിക കണക്കനുസരിച്ച് ദളിതരുടെ മേലുള്ള അക്രമങ്ങളുടെ പേരിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 29 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്.

ദളിത് വിവേചനം നൈയാമികമായി രാജ്യത്ത് അവസാനിപ്പിച്ചു എങ്കിലും വിവിധ രൂപങ്ങളിലും ഭാവങ്ങളിലും അത് ഇന്നും തുടരുന്നു എന്നതാണു വാസ്തവം. എല്ലാ മനുഷ്യർക്കും തുല്യതയും വ്യക്‌തിസ്വാതന്ത്ര്യവും ഒരുപോലെ ആയിരിക്കെ ദളിത് വിഭാഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കേണ്ടവരും കുറ്റകരമായ പ്രവർത്തികളിലേർപ്പെട്ടവർക്കെതിരെ നിയമാനുസൃതമായ നടപടികൾ എടുക്കേണ്ടതും ആവശ്യമാണ്.

തെലുങ്കാനയിലെ കടപ്പ ബിഷപ് ഡോ. ഗലേല പ്രസാദിനു നേരേയുണ്ടായ ആക്രമണത്തിലും മാർ ക്ലീമിസ് ബാവ ഉത്കണ്ഠ രേഖപ്പെടുത്തി. സ്വ ന്തം ജീവിതം മനുഷ്യസമൂഹ ത്തിന്, പ്രത്യേകിച്ചു ദളിത് – പിന്നോക്കവിഭാഗങ്ങൾക്കുവേണ്ടി മാറ്റിവച്ചിട്ടുള്ള ബിഷപ് ഡോ. ഗലേല പ്രസാദിനുനേരേ ക്രൂരമായ കൈയേറ്റം നടത്തിയവർക്കെതിരേ നടപടി എടുക്കണമെന്നും ബാവാ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.