ആന്ധ്രപ്രദേശിനു പ്രത്യേക പാക്കേജ്: കർശന നിലപാടുമായി കോൺഗ്രസ്
ആന്ധ്രപ്രദേശിനു പ്രത്യേക പാക്കേജ്: കർശന നിലപാടുമായി കോൺഗ്രസ്
Monday, July 25, 2016 12:05 PM IST
ന്യൂഡൽഹി: ആന്ധ്രാപ്രദേശിനു പ്രത്യേക പാക്കേജ് അനുവദിക്കുന്ന ബില്ലിനെച്ചൊല്ലി കോൺഗ്രസ് രാജ്യസഭ സ്തംഭിപ്പിച്ചു. ബിൽ എടുക്കാതെ സഭാനടപടികളുമായി സഹകരിക്കില്ലെന്നു കോൺഗ്രസ്. കഴിഞ്ഞ വെള്ളിയാഴ്ച കോൺഗ്രസ് എംപി കെ.വി.പി രാമചന്ദ്ര റാവു ആണു സ്വകാര്യ ബിൽ അവതരിപ്പിച്ചത്. എന്നാൽ, രാജ്യസഭയിലെ മറ്റു ബഹളങ്ങൾക്കിടെ ബിൽ ചർച്ചക്കെടുക്കാനാകാതെ അന്നു പിരിയുകയായിരുന്നു. ഇന്നലെ കോൺഗ്രസ് ഉയർത്തിയ രൂക്ഷമായ പ്രതിഷേധത്തിൽ സഭ പതിവിലും നേരത്തേ മൂന്നിനു പിരിഞ്ഞു.

സഭ ചേർന്നപ്പോൾ ഇന്നലെ കോൺഗ്രസ് എംപി ആനന്ദ് ശർമയാണു വിഷയം ഉന്നയിച്ചത്. ബില്ല് ചർച്ചക്കെടുക്കാനാകാത്ത വിധം ഭരണപക്ഷ എംപിമാരും മന്ത്രിമാരും സഭയിൽ ബഹളമുണ്ടാക്കുകയായിരുന്നെന്ന് ആനന്ദ് ശർമ ആരോപിച്ചു. ആ സാഹചര്യം സർക്കാർ മനഃപൂർവം ഉണ്ടാക്കിയതാണ്. അടുത്ത സ്വകാര്യ ബില്ലുകളുടെ അവതരണ വേളയിൽ ആന്ധ്രപ്രദേശിനു പ്രത്യേക പാക്കേജ് അനുവദിക്കുന്ന ബിൽ പട്ടികയിൽ ഒന്നാമതായി ചേർക്കണം. സർക്കാർ ഇപ്പോൾ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. കഴിഞ്ഞ ദിവസം ബഹളം വെച്ചവർ ഇന്നു ശബ്ദം നഷ്‌ടപ്പെട്ടിരിക്കുകയാണെന്നും ശർമ കുറ്റപ്പെടുത്തി.

സർക്കാർ നടപടികൾക്കു സഭയിൽ കോൺഗ്രസ് എതിരു നിൽക്കില്ല. പക്ഷേ, ഒരു സുപ്രധാന ബില്ല് പരിഗണനക്കെടുക്കാത്തതിൽ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും ശർമ വ്യക്‌തമാക്കി. ഈ വിഷയത്തിൽ സംസാരിക്കാൻ എംപിമാർക്ക് അവകാശമുണ്ട്. ബിൽ് ഇന്നലെയും സഭാനടപടികളിൽ ഉൾപ്പെടുത്താത്ത സാഹചര്യത്തിൽ കോൺഗ്രസ് സഭാ നടപടികളുമായി സഹകരിക്കില്ലെന്നും ശർമ വ്യക്‌തമാക്കി. ആന്ധ്രയ്ക്കു പ്രത്യേക പാക്കേജ് യുപിഎ സർക്കാർ പാസാക്കിയതാണെന്നും എന്നാൽ, എൻഡിഎ സർക്കാർ കഴിഞ്ഞ രണ്ടു വർഷമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ ഇരിക്കുകയാണെന്നും ആനന്ദ് ശർമ ചൂണ്ടിക്കാട്ടി.


എന്നാൽ, ബിൽ് ഓഗസ്റ്റ് അഞ്ചിനു മാത്രമേ എടുക്കാൻ കഴിയൂ എന്നു രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ വ്യക്‌തമാക്കി. പതിവനുസരിച്ച് സ്വകാര്യ ബില്ലുകൾ ഒന്നിടവിട്ടുള്ള വെള്ളിയാഴ്ചകളിലാണെടുക്കുന്നത്. ബിൽ ഇന്നലെ എടുക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം റൂളിംഗും നൽകി. തുടർന്നും സർക്കാർ ഇക്കാര്യത്തിൽ ഒന്നും വ്യക്‌തമാക്കാതിരുന്നപ്പോൾ കോൺഗ്രസ് അംഗങ്ങൾ എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചു. സഭയിൽ ഉണ്ടായിരുന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലിയും വിഷയത്തിൽ പ്രതികരിക്കാൻ കൂട്ടാക്കിയില്ല. തുടർന്നു ശൂന്യവേള ആരംഭിക്കാൻ നിർദേശം നൽകിയ ഉപാധ്യക്ഷൻ വിഷയം ചർച്ച ചെയ്യാൻ അനുവാദം നൽകിയില്ല.

പ്രതിഷേധവുമായി കോൺഗ്രസ് നടുത്തളത്തിൽ ഇറങ്ങിയതോടെ സഭ ഒന്നിലേറെ തവണ പിരിച്ചു വിട്ടു. ഇതിനിടെ കോൺഗ്രസിനു സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെയും സമാജ് വാദി പാർട്ടി നേതാവ് നരേഷ് അഗർവാളിന്റെയും പിന്തുണ ലഭിച്ചു. വിഷയത്തിൽ ചർച്ച ആവശ്യമാണെന്ന് ഇരുവരും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഭരണപക്ഷം ബഹളമുണ്ടാക്കിയത് ഈ സഭയുമായി ബന്ധമില്ലാത്ത വിഷയത്തിലാണെന്നു കോൺഗ്രസ് എംപി സത്യവ്രത ചതുർവേധി ആരോപിച്ചു. ലോക്സഭയിലെ എംപിക്കെതിരേ നപടിയാവശ്യപ്പെട്ടാണ് അവർ രാജ്യസഭ സ്തംഭിപ്പിച്ചത്. ഇത് ഈ സഭയുടെ പരിഗണനയിൽ വരുന്ന വിഷയം ആയിരുന്നില്ലെന്നും എംപി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.