അജൻഡയിൽ വിഎസിന്റെ പദവിയും ബംഗാൾ അനുനയവും
Thursday, July 28, 2016 12:24 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: വി.എസ് അച്യുതാനന്ദന്റെ സർക്കാർ പദവിയും പശ്ചിമബംഗാളിലെ കോൺഗ്രസ് സഖ്യവും പ്രധാന അജൻഡയാക്കി സിപിഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ തുടങ്ങും.

പദവി സംബന്ധിച്ച തീരുമാനം സംസ്‌ഥാന നേതൃത്വം വിവിധ കാരണങ്ങൾ ഉന്നയിച്ചു നീട്ടിക്കൊണ്ടു പോകുകയാണെന്നു വിഎസിനും പരാതിയുണ്ട്. ഭരണ പരിഷ്കാര കമ്മീഷനായി കാബിനറ്റ് റാങ്കോടെ പദവി നൽകാനുള്ള ഫയലിൽ ഗവർണർ ഒപ്പുവച്ച് എല്ലാവിധ സാങ്കേതിക കുരുക്കുകളും അഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ നീളുന്നതിൽ ശക്‌തമായ പ്രതിഷേധവുമുണ്ട്. അതിനാൽ പദവി സംബന്ധിച്ച തീരുമാനം ഇനിയും നീട്ടരുതെന്ന കർശന നിർദേശം കേന്ദ്ര നേതൃത്വം സംസ്‌ഥാന നേതൃത്വത്തിന് നൽകാനാണു സാധ്യത.

മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്‌ടാവ് നിയമനത്തിനു പിന്നാലെ സാമ്പത്തിക ഉപദേഷ്ടാവ് നിയമനവും വിവാദമായത് കേന്ദ്ര നേതൃത്വത്തിന്റെ അപ്രീതിക്ക് കാരണമായിട്ടുണ്ട്. സാമ്പത്തിക ഉപദേഷ്‌ടാവ് ഗീതാ ഗോപിനാഥിന്റെ നിയമനത്തിനെതിരേ വിഎസ് കേന്ദ്രനേതൃത്വത്തിനു നൽകിയ കത്തും ചർച്ച ചെയ്യും. പാർട്ടിയുടെ നയങ്ങളോടു യോജിച്ചുപോവുന്നതല്ല ഗീതയുടെ നിലപാടുകൾ എന്നാണ് വിഎസിന്റെ കത്തിൽ പറയുന്നത്. ഗീതയുടെ നിയമനത്തിൽ കേന്ദ്ര നേതൃത്വത്തിനും താത്പര്യമില്ലാത്തതിനാൽ ഇക്കാര്യവും പിബിയിൽ വിശദമായി ചർച്ചചെയ്യും.


ബംഗാൾ ഘടകത്തിനെതിരായി എന്തു നടപടി സ്വീകരിക്കുമെന്നതാവും യോഗത്തിലെ ചൂടേറിയ ചർച്ച. കോൺഗ്രസുമായുള്ള കൂട്ടുകെട്ട് തെറ്റായിരുന്നുവെന്നു കേന്ദ്ര നേതൃത്വം ആവർത്തിച്ച് വ്യക്‌തമാക്കിയിട്ടും ഇതംഗീകരിക്കാൻ ബംഗാൾ ഘടകം തയാറായിട്ടില്ല. എന്നുമാത്രമല്ല, വേണമെങ്കിൽ സംസ്‌ഥാനകമ്മിറ്റിയെ പിരിച്ചുവിടാമെന്നുവരെ അടുത്തിടെ നടന്ന സംസ്‌ഥാനസമിതിയിൽ ബംഗാൾ ഘടകം വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ബംഗാൾ ഘടകത്തോട് മൃദൃസമീപനം സ്വീകരിച്ച കേന്ദ്രനേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗത്തിൽ നിന്ന് ഹരിയാനയിൽനിന്നുള്ള അംഗം ഇറങ്ങിപ്പോവുകയും രാജിപ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ബംഗാൾ ഘടകത്തെ പിണക്കാതെയും മറ്റു ഘടകങ്ങളെ വിശ്വാസത്തിലെടുത്തുമുള്ള തീരുമാനം എടുക്കുകയെന്നതാവും ഞായറാഴ്ച സമാപിക്കുന്ന പിബി യോഗത്തിന്റെ പ്രധാന കടമ്പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.