മഹാശ്വേതാദേവി അന്തരിച്ചു
മഹാശ്വേതാദേവി അന്തരിച്ചു
Thursday, July 28, 2016 12:33 PM IST
കോൽക്കത്ത: രാജ്യാന്തര തലത്തിൽ ആദരിക്കപ്പെടുന്ന ബംഗാളി സാഹിത്യകാരി മഹാശ്വേതാ ദേവി (90) അന്തരിച്ചു. കോൽക്കത്തയിലെ സ്വകാര്യാശുപത്രിയിൽ ഒന്നര മാസമായി ചികിത്സയിലായിരുന്ന അവരുടെ അന്ത്യം ഇന്നലെ ഉച്ചകഴിഞ്ഞ് 3.16 നായിരുന്നു. കോൽക്കത്തയിൽ മരുമകൾക്കും കൊച്ചുമക്കൾക്കുമൊപ്പമായിരുന്നു താമസം.

ജ്‌ഞാനപീഠം, പദ്മവിഭൂഷൺ, മാഗ്സസെ പുരസ്കാരങ്ങൾക്കൊപ്പം കേന്ദ്രസാഹിത്യ അക്കാദമിയുടെ ആദരവും വംഗസാഹിത്യത്തിലെ ഏറ്റവും തലയെടുപ്പുള്ള ഈ എഴുത്തുകാരിയെ തേടിയെത്തി. ബംഗ്ലാദേശിലെ ധാക്കയിൽ, കലയും സാഹിത്യവും ഒരുപോലെ സമ്മേളിക്കുന്ന ഘട്ടക്ക് കുടുംബത്തിൽ 1926ലാണു മഹാശ്വേതാ ദേവിയുടെ ജനനം. അച്ഛൻ മനീഷ് ഘട്ടക് കവിയും നോവലിസ്റ്റുമായിരുന്നു. അമ്മ ധരിത്രീദേവി സാഹിത്യകാരിയും. അച്ഛന്റെ ഇളയ സഹോദരനാണു വിഖ്യാത ചലച്ചിത്രകാരൻ ഋത്വിക് ഘട്ടക്. മഹാശ്വേതാദേവിയുടെ പ്രാഥമിക വിദ്യാഭ്യാസം ധാക്കയിലായിരുന്നു. ഇന്ത്യാവിഭജനത്തെത്തുടർന്നു ഘട്ടക് കുടുംബം കോൽക്കത്തയിലേക്കു കുടിയേറി. രവീന്ദ്രനാഥ ടാഗോറിന്റെ വിശ്വഭാരതിയിലും കൽക്കട്ട സർവകലാശാലയിലും ആയിരുന്നു ഉന്നത വിദ്യാഭ്യാസം.മകനും എഴുത്തുകാരനുമായ നാബരുൺ ഭട്ടാചാര്യ രണ്ടുവർഷം മുമ്പാണു മരിച്ചത്. ഭർത്താവ് ബിജോൻ ഭട്ടാചാര്യ 1978ൽ മരിച്ചു. അതിന് ഏറെ വർഷം മുമ്പേ ദമ്പതികൾ വിവാഹമോചിതരായിരുന്നു.

രാജ്യത്തെ നാടകപ്രസ്‌ഥാനത്തിന്റെ പതാകവാഹകരിലൊരാളായിരുന്നു ഭർത്താവ് ബിജോൻ ഭട്ടാചാര്യ. 1964ൽ മഹാശ്വേതാ ദേവി ബിജോയ്ഘട്ട് കോളജിൽ അധ്യാപികയായി ചേർന്നു. മാധ്യമപ്രവർത്തനവും എഴുത്തും തുടർന്നു.

ബംഗാളിലെ ആദിവാസികളും ദളിതരും സ്ത്രീകളും നേരിടുന്ന പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമായിരുന്നു പ്രമേയങ്ങളിലേറെയും. എഴുത്തിനൊപ്പം സാമൂഹ്യപ്രവർത്തനത്തിനും ഏറെ സമയം ചെലവഴിച്ചു. ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ആദിവാസികളുടെ ജീവിതോന്നമനത്തിനും ഏറെ സംഭാവനകൾ നൽകി. ഈ രംഗത്തെ ശ്രദ്ധേയമായ പഠനത്തിനും മഹാശ്വേതാ ദേവി സമയം കണ്ടെത്തി.

1956 ൽ പ്രസിദ്ധീകരിച്ച ഝാൻസി റാണിയാണു പ്രഥമ രചന. അരണ്യേർ അധികാർ, അഗ്നിഗർഭ, ധോലി, രുദാലി, ദ്രൗപതി, റ്റിൽ ഡെത്ത് ഡു അസ് പാർട്ട്, ഓൾഡ് വുമൺ, കുലപുത്ര, ദി വൈ–വൈ ഗേൾ തുടങ്ങിയവയാണ് ശ്രദ്ധേയ രചനകൾ.


ഇടതുപക്ഷ പ്രസ്‌ഥാനങ്ങൾക്കൊപ്പം നിലയുറപ്പിച്ചിരുന്ന സമരനായികയായിരുന്നു മഹാശ്വേതാദേവി. ഇടതുപക്ഷപ്രസ്‌ഥാനങ്ങളുടെ സമീപകാല നയവ്യതിയാനങ്ങൾക്കെതിരേയും ധീരമായി പോരാടി. പശ്ചിമബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭരണകാലത്ത് കർഷകഭൂമി ഏറ്റെടുക്കുന്നതിനെതിരേ സിംഗൂരിലും നന്ദിഗ്രാമിലും നടന്ന സമരങ്ങൾക്കു നേതൃത്വം നൽകിയവരിലൊരാളാണ് ഈ ജ്‌ഞാനവൃദ്ധ.

മഹാശ്വേതാ ദേവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ അനുശോചിച്ചു. കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ചശേഷം സംസ്കാരച്ചടങ്ങുകൾ നിശ്ചയിക്കുമെന്നു മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.


<ആ>മുഖ്യമന്ത്രി അനുശോചിച്ചു


തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി മഹാശ്വേതാദേവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

സാഹിത്യത്തിന് അവർ നൽകിയ സംഭാവനകൾ മഹത്തരമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

<ആ>സുധീരൻ അനുശോചിച്ചു

തിരുവനന്തപുരം: പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്‌ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേതാ ദേവിയുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ അനുശോചിച്ചു.പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായിരുന്നു മഹാശ്വേതാ ദേവി.

ആദിവാസികൾക്കും മറ്റ് ദുർബല ജനവിഭാഗങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ മഹാശ്വേതാ ദേവി നിരന്തരമായി പൊരുതിയെന്നും സുധീരൻ പറഞ്ഞു.

മനുഷ്യാവകാശ നിഷേധങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ മുന്നണിപ്പോരാളിയായിരുന്നു.കേരളത്തിലെ ജനകീയ പ്രശ്നങ്ങളിൽ മഹാശ്വേതാ ദേവിയുടെ സാന്നിധ്യം ആവേശമായിരുന്നു.

മഹാശ്വേതാ ദേവിയുടെ ദേഹവിയോഗം രാജ്യത്തിനും സാംസ്കാരിക ലോകത്തിനും കനത്ത നഷ്‌ടമാണെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.