എയർ കേരള അജൻഡയിലില്ല
എയർ കേരള അജൻഡയിലില്ല
Friday, July 29, 2016 12:57 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: എയർ കേരള പദ്ധതി സംസ്‌ഥാന സർക്കാരിന്റെ അജൻഡയിലില്ലെന്നും ആറന്മുളയിൽ നിലവിലുള്ള കൃഷിഭൂമിയിൽ വിമാനത്താവളം വേണ്ടെന്ന നിലപാടാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കരിപ്പൂരിൽ വിമാനത്താവളത്തിൽ റൺവേ അറ്റകുറ്റപ്പണി പൂർത്തിയായ സാഹചര്യത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ഡിജിസിഎയാണ് അനുമതി നൽകേണ്ടതെന്നും അനുകൂല ശിപാർശയോടെ വിഷയം ഡിജിസിഎയുടെ ശ്രദ്ധയിൽ പെടുത്താമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി.


കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനു റൺവേ നീട്ടുന്നതിനു സംസ്‌ഥാനം ഭൂമി ഏറ്റെടുത്തു നൽകും. ഗൾഫ് റൂട്ടിൽ വിമാനക്കമ്പനികൾ നടത്തുന്ന കൊള്ളയ്ക്ക് എയർകേരള പരിഹാരമാകില്ല. വിമാനക്കമ്പനികളുടെ കൊള്ളയ്ക്കെതിരേ മറ്റുനടപടികൾ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്, ശബരിമല, ഇടുക്കി, ബേക്കൽ എന്നിവിടങ്ങളിൽ വിമാനമിറങ്ങാനുള്ള എയർ സ്ട്രിപ് സ്‌ഥാപിക്കണമെന്ന ആവശ്യവും ആഭ്യന്തര സർവീസുകൾ വർധിപ്പിക്കുന്ന കാര്യവും അനുഭാവ പൂർവം പരിഗണിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചതായും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.