ഗീത ഗോപിനാഥിന്റെ നിയമനം പുനഃപരിശോധിക്കേണ്ടതില്ല: മുഖ്യമന്ത്രി
ഗീത ഗോപിനാഥിന്റെ നിയമനം പുനഃപരിശോധിക്കേണ്ടതില്ല: മുഖ്യമന്ത്രി
Friday, July 29, 2016 1:03 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതു പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിലെ ഏറ്റവും നല്ല സാമ്പത്തിക വിദഗ്ധരിൽ ഒരാളാണ് ഗീത ഗോപിനാഥ്. വലതുപക്ഷ നിലപാടുകളുള്ള ആളെന്ന നിലയിൽ എൽഡിഎഫ് സർക്കാരിന് ഉപദേശം നൽകുന്നതും അതു നടപ്പിലാക്കുന്നതും സംബന്ധിച്ച ആശങ്കകളാണ് ഉയരുന്നത്. അത്തരത്തിലുള്ള ആശങ്കകളിൽ തെറ്റില്ല. എന്നാൽ, നല്ലകാര്യങ്ങളിൽ ദോഷം കണ്ടെത്തുന്നവരാണു വിമർശിക്കുന്നതെന്നും പിണറായി വിജയൻ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകി.

സാമ്പത്തിക ഉപദേഷ്‌ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി സന്തോഷം പ്രകടിപ്പിച്ചെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗീതയുടെ നിയമനം കേരളത്തിന് ഗുണം ചെയ്യുമെന്നും പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പാർലമെന്റിൽ കണ്ടുമുട്ടിയ പിണറായി വിജയനോടു ജയ്റ്റ്ലി പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിയുടേതു കുശലപ്രശ്നം മാത്രമായിരുന്നെന്നു പറഞ്ഞ മുഖ്യമന്ത്രി, ഗീത ഗോപിനാഥിനെക്കുറിച്ചു ആശങ്ക ഉയർത്തുന്നത് ഇടതു സർക്കാരിനോടുള്ള ജാഗ്രത കൊണ്ടു മാത്രമാണെന്നും അതിൽ നന്ദിയുണ്ടെന്നും പറഞ്ഞു.


ഗീത ഗോപിനാഥിന്റെ നിലപാട് എന്തു തന്നെയായാലും ഉപദേശം നൽകുന്നതു സ്വീകരിക്കണോയെന്നു തീരുമാനിക്കുന്നതു സർക്കാരാണ്. പല ഉപദേശങ്ങളും സ്വീകരിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പഴയ തരത്തിലുള്ള സാമ്പത്തിക വിദഗ്ധരുടെ മാത്രമല്ല, പുതിയ തരത്തിലുള്ള സാമ്പത്തിക വിദഗ്ധരുടെ ഉപദേശങ്ങളും ആവശ്യമുണ്ട്. നിയമന കാര്യം പാർട്ടിയോട് ആലോചിച്ചാണെന്നു സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പറഞ്ഞതാണെന്നും പിണറായി വിജയൻ വ്യക്‌തമാക്കി.

ഇരട്ടപ്പദവി നിയമം പാസാക്കിയത് ഏതെങ്കിലും വ്യക്‌തിയെ ഉദ്ദേശിച്ചല്ലെന്നും പിണറായി വിജയൻ വി.എസ്. അച്യുതാനന്ദനു ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ പദവി നൽകുന്നതു സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകി. ആക്രമിക്കാൻ വരുന്നവരെ വന്നതുപോലെ തിരിച്ചുപോകാൻ അനുവദിക്കരുതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗത്തെയും മുഖ്യമന്ത്രി ന്യായീകരിച്ചു. പ്രകോപനം സൃഷ്‌ടിക്കാൻ വേണ്ടിയല്ല കോടിയേരി പ്രസംഗിച്ചത്. കോടിയേരി പ്രസംഗിച്ചതിനു ശേഷം ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.