ആളില്ലാത്ത ലെവൽ ക്രോസുകളിൽ വിമുക്‌ത ഭടന്മാരെ നിയമിക്കും
Saturday, July 30, 2016 12:34 PM IST
ന്യൂഡൽഹി: രാജ്യത്തെ ആളില്ലാത്ത ലെവൽ ക്രോസുകളിലെ ട്രെയിൻ അപകടങ്ങൾ കുറയ്ക്കാൻ റെയിൽവേ വിമുക്‌ത ഭടൻമാരെ ഗേറ്റ് മിത്രങ്ങളായി നിയമിക്കും. ഗേറ്റ് മുറിച്ചു കടക്കുന്ന വാഹനങ്ങൾക്കു മുന്നറിയിപ്പ് നൽകുകയും ബോധവത്കരണം നടത്തുകയുമാണ് ഇവരുടെ ജോലി. സോണൽ റെയിൽവേ വിഭാഗങ്ങൾ വഴി ഗേറ്റ് മിത്രങ്ങൾക്ക് പരിശീലനം നൽകും.

റെയിൽവെ മന്ത്രി സുരേഷ് പ്രഭു ബജറ്റിൽ പ്രഖ്യാപിച്ച മിഷൻ സീറോ ആക്സിഡന്റ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഗേറ്റ് മിത്രങ്ങളുടെ നിയമനം. റോഡ് ഗതാഗതത്തിന്റെ തിരക്കു കണക്കിലെടുത്തു പരമാവധി ലെവൽ ക്രോസുകൾ അടച്ചു പൂട്ടും.


അടുത്തടുത്തുള്ള ആളില്ലാത്ത ലെവൽ ക്രോസുകൾ സംയോജിപ്പിച്ചു ഗേറ്റ്മാൻമാരെ നിയോഗിക്കും. നിലനിറുത്തേണ്ട ആളില്ലാ ലെവൽ ക്രോസുകളിലാണ് ബോധവത്കരണത്തിനു വിമുക്‌ത ഭടൻമാരെ ഗേറ്റ് മിത്രങ്ങളായി നിയമിക്കുന്നത്. ഇതു കൂടാതെ കാവൽക്കാരില്ലാത്ത ലെവൽ ക്രോസിംഗുകളിൽ വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. തെരുവു നാടകം, പോസ്റ്ററുകൾ, പ്രഭാഷണം, മൊബൈൽ ഫോൺ വഴിയുള്ള സന്ദേശം, മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ തുടങ്ങിയവയാണു റെയിൽവെ ഉദ്യേശിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.