പോലീസിനു മുഖ്യമന്ത്രിയുടെ താക്കീത്
Saturday, July 30, 2016 12:46 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോഴിക്കോട്ട് മാധ്യമ പ്രവർത്തകർക്കെതിരേയുണ്ടായ പോലീസ് നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് മാധ്യമപ്രവർത്തകരുടെ വഴി തടഞ്ഞ സംഭവം അത്യന്തം ഗൗരവമായി സർക്കാർ വീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ അസ്വസ്‌ഥതകൾ മാറി സാധാരണ നില പുനഃസ്‌ഥാപിക്കാൻ കഴിയുമെന്ന അന്തരീക്ഷം നിലനിൽക്കെയാണു പുതിയ സംഭവങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. ഇപ്പോൾ മാധ്യമപ്രവർത്തകരും പോലീസും എന്ന നിലയിലേക്കു കാര്യങ്ങൾ മാറിയിരിക്കുന്നു. നേരത്തേ മറുപക്ഷത്തു നിന്നിരുന്ന അഭിഭാഷകർക്ക് ഇന്നലെ കോഴിക്കോടു നടന്ന സംഭവത്തിൽ പങ്കില്ലെന്നും പിണറായി വിജയൻ വ്യക്‌തമാക്കി.

ഇന്നലെ യഥാർഥത്തിൽ എന്താണു നടന്നതെന്ന് അന്വേഷിക്കാൻ ഡിജിപിക്കു നിർദേശം നൽകിയിട്ടുണ്ടെന്നും അതിനുശേഷം സർക്കാർ നിലപാടു സ്വീകരിക്കുമെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. ഇതു കോടതിയിൽ കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണ്.


ആ കാര്യത്തിൽ പോലീസ് ഒരു തടസവും ഉണ്ടാക്കേണ്ടതില്ല. ഏതെങ്കിലും തരത്തിലുള്ള നിരോധന ഉത്തരവില്ലാത്ത കോടതിയിൽ നിരോധനം ഏർപ്പെടുത്തേണ്ട കാര്യമില്ല. അതില്ലാത്ത കാലത്തോളം കോടതിയിൽ വന്നു വാർത്തകൾ ശേഖരിക്കാനുള്ള അവകാശം മാധ്യമപ്രവർത്തകർക്കും ഉണ്ടാകണം. എന്നാൽ, കോടതിയായതു കൊണ്ടു പരിമിതി ഇക്കാര്യത്തിലുണ്ട്. ജനാധിപത്യ രാഷ്ട്രമായതു കൊണ്ടു ഈ സംവിധാനത്തിൽ മാധ്യമങ്ങളെ പൂർണമായും ഒഴിവാക്കാനാവില്ല. കോടതിയാണു തീരുമാനമെടുക്കേണ്ടത്. തടസം സൃഷ്‌ടിക്കാൻ പോലീസിന് അവകാശമില്ലെന്നാണു സർക്കാരിന്റെ നിലപാടെന്നും പിണറായി വ്യക്‌തമാക്കി.

സംസ്‌ഥാനത്തു നിശബ്ദ അടിയന്താരവസ്‌ഥ നിലനിൽക്കുന്നു എന്ന ആരോപണത്തോട് അക്കാര്യത്തിൽ താൻ പ്രതികരിക്കുന്നില്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അതിലേക്കു കടന്നാൽ താനും വേറെ വഴിക്കു പോകേണ്ടി വരും. ആരോ ഇതൊക്കെ ഉണ്ടാകാൻ കാത്തു നിന്നതു പോലെയാണ് ചില പ്രതികരണങ്ങളിൽനിന്നു തോന്നുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.