ഇന്ത്യയുടെ ഐക്യം തകർക്കാൻ പാക്കിസ്‌ഥാൻ ശ്രമിക്കുന്നു: അരുൺ ജയ്റ്റ്ലി
ഇന്ത്യയുടെ ഐക്യം തകർക്കാൻ പാക്കിസ്‌ഥാൻ  ശ്രമിക്കുന്നു: അരുൺ ജയ്റ്റ്ലി
Sunday, August 21, 2016 11:57 AM IST
ജമ്മു: കാഷ്മീരിൽ അശാന്തി സൃഷ്‌ടിക്കുന്ന ശക്‌തിക്കെതിരെ കൈകെട്ടി നോക്കിയിരിക്കില്ലെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. കാഷ്മീരിൽ തുടരുന്ന സംഘർഷത്തിനു പിന്നിൽ പാക്കിസ്‌ഥാൻ ആണെന്നും ഇന്ത്യൻ ഐക്യത്തെ വെല്ലുവിളിക്കാനും തകർക്കാനുമുള്ള ശ്രമങ്ങളാണു പാക്കിസ്‌ഥാൻ നടത്തുന്നതെന്നും ജയ്റ്റ്ലി ആരോപിച്ചു.

കഴിഞ്ഞ അറുപതു വർഷമായി കാഷ്മീരിന്റെ വികസനം അക്രമങ്ങളിലൂടെ തടഞ്ഞുവച്ചിരിക്കുകയാണ്. കാഷ്മീരിൽ സത്യഗ്രഹ സമരമല്ല, പോലീസിനും സുരക്ഷാ സൈനികർക്കും നേരേയുള്ള അക്രമങ്ങളാണ് നടക്കുന്നതെന്നും ഇതു കാണാൻ ഇടുങ്ങിയ കാഴ്ചക്കാരായ ചിലർക്കു സാധിക്കുന്നില്ലെന്നും ജയ്റ്റ്ലി കൂട്ടിച്ചേർത്തു. ജമ്മുവിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ജയ്റ്റ്ലി.

രണ്ടു യുദ്ധങ്ങളിലൂടെ സാധിക്കാത്തതു കാഷ്മീർ താഴ്വര യിൽ സംഘർഷാവസ്‌ഥ സൃഷ്‌ടിച്ച് നേടാനുള്ള പാക്കിസ്‌ഥാന്റെ പുതിയ തന്ത്രമാണ്. വിഭജനകാലം മുതൽ അശാന്തി സൃഷ്‌ടിക്കാനുള്ള പാക് ശ്രമം തുടരുകയാണ്. യുദ്ധങ്ങളി ൽ പരാജയപ്പെട്ടപ്പോൾ ഭീകരവാദം മറയാക്കി പോരാടാനാണു പാക്കിസ്‌ഥാൻ ശ്രമിച്ചത്. ആ ശ്രമങ്ങൾ ഇന്ത്യ ഫലപ്രദമായി നേരിട്ടപ്പോൾ മറ്റൊരു തന്ത്രമാണ് പാക്കിസ്‌ഥാൻ പയറ്റുന്നതെന്നും ജയ്റ്റ്ലി കൂട്ടിച്ചേർത്തു.


രാജ്യത്തിന്റെ ഐക്യത്തിനു നേർക്കു വെല്ലുവിളി ഉയർത്തുന്ന ശക്‌തികൾക്കെതിരേ ജമ്മു കഷ്മീരിലെ ജനങ്ങൾ ഒത്തൊരുമയോടെ പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാഷ്മീരിനെക്കുറിച്ചു പൂർണ ധാരണയുണ്ട്. ഇന്ത്യയുടെ സുരക്ഷയെയും ആർജവത്തെയും ചോദ്യം ചെയ്യുന്ന ഒന്നിനെയും വച്ചുപൊറുപ്പിക്കാൻ പ്രധാനമന്ത്രി അനുവദിക്കില്ല. അക്രമങ്ങളിൽ ഏർപ്പെടുന്നവരുമായി യാതൊരു സന്ധിയും ഉണ്ടാകില്ല. കഴിഞ്ഞ 60 വർഷമായി അക്രമങ്ങളും യുദ്ധങ്ങളും മൂലം തടയപ്പെട്ട പുരോഗതി കാഷ്മീരിൽ കൊണ്ടുവരണം. കാഷ്മീരിനെക്കുറിച്ച് മോദിക്കുള്ള മുൻഗണനകളാണിവയെന്നും ജയ്റ്റ്ലി പറഞ്ഞു.

കഴിഞ്ഞ മാസം എട്ടിനു സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദിൻ കമാൻഡർ ബുർഹൻ വാനി കൊല്ലപ്പെട്ടതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘർഷം കാഷ്മീർ താഴ്വരയിൽ ഇതുവരെ ശമിച്ചിട്ടില്ല. സംഘർഷങ്ങളിൽ ഇതുവരെ 67പേർ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.